ലണ്ടന്: 2024 കോപ്പ അമേരിക്ക ഫുട്ബോള് ടൂര്ണമെന്റില് ബ്രസീല് സെമി കാണാതെ പുറത്തായതിന് പിന്നാലെ ക്ഷമ ചോദിച്ച് സൂപ്പര് താരം വിനീഷ്യസ് ജൂനിയര്. യുറുഗ്വായ്ക്കെതിരായ ക്വാര്ട്ടര് ഫൈനലില് ഷൂട്ടൗട്ടിലാണ് കാനറികള് പരാജയം വഴങ്ങിയത്. രണ്ട് യെല്ലോ കാര്ഡുകള് കണ്ട് സസ്പെന്ഷനിലായ വിനീഷ്യസിന് ക്വാര്ട്ടര് മത്സരം നഷ്ടമായിരുന്നു. നിര്ണായക പോരാട്ടത്തിന് മുന്നെ യെല്ലോ കാര്ഡുകള് വഴങ്ങേണ്ടിവന്നതിലുള്ള നിരാശയും വിനി പ്രകടിപ്പിച്ചു.
'ആ രണ്ട് മഞ്ഞക്കാര്ഡുകളും വഴങ്ങിയതോടെ ഞാന് പരാജയപ്പെട്ടു. ഞങ്ങള് പുറത്താവുന്നത് എനിക്ക് സൈഡ് ബെഞ്ചിലിരുന്ന് വീണ്ടും കാണേണ്ടിവന്നു. ഇത്തവണ തെറ്റ് എന്റെതാണ്. ഞാന് ക്ഷമ ചോദിക്കുന്നു. വിമര്ശനങ്ങള്ക്ക് വിധേയനാവേണ്ടിവരുമെന്ന് എനിക്കറിയാം. എന്നെ വിശ്വസിക്കണം. ഞാന് തിരിച്ചുവരും', വിനി പറഞ്ഞു.
ബ്രസീല് തിരിച്ചുവരുമെന്നും വിനീഷ്യസ് ആരാധകരോട് പറഞ്ഞു. 'ദേശീയ ടീമിനൊപ്പമുള്ള എന്റെ യാത്ര ഭാഗ്യവശാല് ആരംഭിച്ചിട്ടേയുള്ളൂ. എന്റെ സഹതാരങ്ങള്ക്കൊപ്പം ടീമിനെ അര്ഹിക്കുന്ന സ്ഥാനത്തേക്ക് തിരിച്ചെത്തിക്കാന് എനിക്ക് അവസരം ലഭിക്കും. നമ്മള് മുന്നോട്ട് വരും. ഞാന് നിങ്ങളെ സ്നേഹിക്കുന്നു. നമ്മള് ഒരുമിച്ചാണ്', വിനീഷ്യസ് കൂട്ടിച്ചേര്ത്തു.
🚨 VINI JR.’S APOLOGY TO BRAZIL:
— Madrid Zone (@theMadridZone) July 9, 2024
Copa America is over and it's time to reflect, know how to deal with defeat. The feeling of frustration kicks in again and again on the penalties.
I failed to get two yellow cards. Watched elimination from outside again but this time it’s my… pic.twitter.com/kGLx5lJ9zz
പരാഗ്വേയ്ക്കെതിരെയും കൊളംബിയയ്ക്കും എതിരെ നടന്ന മത്സരങ്ങളിലാണ് വിനീഷ്യസിന് രണ്ട് യെല്ലോ കാര്ഡുകള് കാണേണ്ടിവന്നത്. ഈ കോപ്പ അമേരിക്ക ടൂര്ണമെന്റില് ബ്രസീല് വിജയിച്ച ഒരേ ഒരു മത്സരമായ പരാഗ്വക്കെതിരെ രണ്ട് ഗോളുകള് നേടിയ താരം വിനീഷ്യസ് ജൂനിയര് ആയിരുന്നു. അതുകൊണ്ട് തന്നെ താരത്തിന്റെ അഭാവം യുറുഗ്വായ്ക്കെതിരായ ക്വാര്ട്ടറില് പ്രകടമായിരുന്നു.