വിമർശിച്ചവർക്ക് മുന്നിൽ ചരിത്രം ആവർത്തിക്കപ്പെടുന്നു. കോപ്പ അമേരിക്ക ഫുട്ബോള് ടൂര്ണമെന്റില് അര്ജന്റീന വീണ്ടും ഫൈനലില് എത്തിയിരിക്കുകയാണ്. എതിരില്ലാത്ത രണ്ട് ഗോളുകള്ക്കാണ് കനേഡിയന് സംഘത്തെ പരാജയപ്പെടുത്തി മെസ്സിയും മെസ്സിയുടെ കലാൾ പടയും കലാശപ്പോരിന് തീയതി കുറിച്ചിരിക്കുന്നത്. ഈ കോപ്പയിൽ മെസ്സി ഗോളുകൾ ഒന്നും നേടിയില്ല, ഈ വട്ടം മെസ്സി അർജന്റീനയ്ക്ക് വേണ്ടി എന്ത് ചെയ്തു എന്നൊക്കൊ ചോദിച്ചവർക്ക് മെസ്സി തന്റെ ഇടം കാലു കൊണ്ട് തന്നെ ഉത്തരം നൽകിയിരിക്കുകയാണ്. സെമിഫൈനലിൻ്റെ രണ്ടാം പകുതിയിൽ എന്സോ ഫെര്ണാണ്ടസ് നല്കിയ പാസിൽ മെസ്സിയുടെ ഇടം കാലിൽ നിന്നെത്തിയ ഗോളാണ് കനേഡിയന് സംഘത്തിന് തിരിച്ചടിയായത്. നിലവിലെ ചാമ്പ്യന്മാർക്ക് ഇനിയും ഒരു കോപ്പ കിരീടത്തിനുളള ഭാഗ്യമുണ്ടോ എന്ന ചോദ്യത്തിൻ്റെ ഉത്തരത്തിനായി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. എന്തായാലും സെമി ഫൈനൽ വിമർശകർക്കുള്ള മിശിഹായുടെ മറുപടിയാണ്. ഇനി പൂർത്തിയാക്കാൻ നിയോഗങ്ങൾ ഒന്നും ബാക്കിയില്ലാതെയാണ് ഫുട്ബോളിന്റെ രാജകുമാരൻ കോപ്പയുടെ അങ്കതട്ടിൽ എത്തിയത്.
2021ലെ കോപ്പയ്ക്ക് കൊടിയിറങ്ങുമ്പോഴും ദൈവം മിശിഹയ്ക്കൊപ്പം തന്നെയായിരുന്നു. നീണ്ട 18 വർഷങ്ങൾക്ക് ശേഷമായിരുന്നു അർജന്റീന കോപ്പയുടെ മധുരം തൊട്ടത്. അതും മെസ്സിയുടെ നേതൃത്വത്തിൽ ആയിരുന്നു. അതു വരെ കളിയാക്കിയവർക്കും പുച്ഛിച്ചവർക്കുമുള്ള മറുപടിയുടെ തുടക്കം മാത്രമായിരുന്നു അത്. മാസങ്ങൾക്കിപ്പുറം അറേബ്യൻ മണ്ണിൽ ലോകകീടത്തിനായുള്ള തിരിതെളിഞ്ഞു. കോപ്പാ കിരീടം കൈയ്യിലേന്തിയ അർജന്റീനൻ നീല പടയുടെ അടുത്ത ലക്ഷ്യം കനക കിരീടം തന്നെയായിരുന്നു.
ലോകമഹായുദ്ധത്തിനായി അറേബ്യൻ മണ്ണിലേക്ക് അർജന്റീനൻ താരങ്ങൾ പറന്നിറങ്ങിയപ്പോൾ അവർക്ക് മുന്നിൽ ആ സ്വപ്നം മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നുമില്ലായ്മയിൽ നിന്നും സ്വപ്നം കാണിക്കാൻ പഠിപ്പിച്ച അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മറഡോണ അവർക്ക് പ്രചോദമായിരിക്കണം. ഫുട്ബോൾ മിശിഹയുടെ പ്രചോദിപ്പിക്കുന്ന സാന്നിധ്യവും അവർക്കൊപ്പമുണ്ടായിരുന്നു. ലോകകീരിടം നേടി മറഡോണയെപ്പോലെ മെസിയെയും അനശ്വരനാക്കണമെന്ന് അർജന്റീനൻ താരങ്ങൾക്ക് വാശിയുണ്ടായിരുന്നു.
മെസ്സിയുടെയും ഡി മരിയയുടെയും നാടായ റൊസാരിയോയിയിൽ നിന്നെത്തി അർജന്റീനയുടെ ഗോഡ് ഫാദറായി അവതരിച്ച ലയണൽ സ്കലോണിയും ആ സ്വപ്നത്തിന് വേണ്ടി പട നയിക്കാൻ മുന്നിലെത്തി. വിശ്വസ്തനായ കാവൽ മാലാഖ എമിലിയാനോ മാർട്ടിനസും അർജന്റീയുടെ കാലാൾ പടയും പോരടിച്ചപ്പോൾ ഖത്തറിന്റെ മണ്ണിൽ വിരിഞ്ഞത് വിസ്മയ കാഴ്ചകൾ. 2022 ഡിസംബർ 18 ലെ ആ രാത്രിയിൽ കുരിശിലേറ്റിയവരെയും കുറ്റപ്പെടുത്തിയവരെയും സാക്ഷിയാക്കി ലോക കിരീടത്തിൽ മെസ്സിയുടെ ചുംബനങ്ങൾ പതിഞ്ഞു.
2022 ജൂൺ ഒന്നിന് യുഫേവ ചാമ്പ്യന്മാരും കോപ്പ ജേതാക്കളും ഏറ്റുമുട്ടിയ ഫൈനലിസിമയിൽ ഇറ്റലിക്കെതിരെ അർജൻ്റീന വിജയിച്ചിതും മെസ്സിയുടെ ഫുട്ബോൾ നേട്ടങ്ങളിൽ എഴുതി ചോർക്കപ്പെടേണ്ടതാണ്. ഇറ്റലിക്കെതിരെ 3-0 നാണ് അർജൻ്റീന വിജയം കൈവരിച്ചത്. നേട്ടങ്ങളുടെ കണക്ക് എത്ര പറഞ്ഞാലും വിമർശകർ വിമർശിച്ചു കൊണ്ടേയിരിക്കും. ഈ കോപ്പ ചിലപ്പോൾ മെസ്സിയുടെ അവസാന ആട്ടമായിരിക്കും. നേട്ടങ്ങളുടെ നെറുകയിൽ തലയുയർത്തി നിന്നാവും ഫുട്ബോളിന്റെ രാജകുമാരൻ കളം ഒഴിയുക. കോപ്പയിൽ നിന്ന് മെസിക്ക് രാജകീയ യാത്രയയപ്പ് നൽകാനായി അർജ്ജൻ്റൈൻ സംഘം കോപ്പയുടെ ഫൈനലിൽ നിറഞ്ഞാടുമെന്ന് തീർച്ചയാണ്.