ന്യൂയോർക്ക്: ഈ കോപ്പയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ട് ടീമുകൾ നാളെ സെമി ഫൈനലിൽ ഏറ്റുമുട്ടുന്നു. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചെത്തിയ യുറുഗ്വായും പനാമയെ അഞ്ചു ഗോൾക്ക് തോൽപ്പിച്ചെത്തിയ കൊളംബിയയും തമ്മിലാണ് പോരാട്ടം. ജെയിംസ് റോഡ്രിഗസിന് കീഴിൽ ഉജ്ജ്വല ഫോമിൽ തുടരുന്ന കൊളംബിയ ഗ്രൂപ്പ് ഘട്ടത്തിലും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ലൂയിസ് ഡയസ്, ജെയിംസ് റോഡ്രിഗസ്, റിച്ചാർഡ് റിയോസ്, മിഗ്വൽ ബോർഹ തുടങ്ങി മധ്യനിര മുതൽ മുന്നേറ്റ നിര വരെയുള്ള താരങ്ങൾ ഓരോ മത്സരത്തിലും ഗോളടിച്ച് കൂട്ടുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെ സമനിലയിൽ തളയ്ക്കാൻ കഴിഞ്ഞതും ടീമിന് ആത്മവിശ്വാസമേകും.
മറുവശത്ത് ടൂൺമെന്റിലുടനീളം യുറുഗ്വായും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ലിവർപൂൾ താരം ഡാർവിൻ നൂനസ് നയിക്കുന്ന മുന്നേറ്റ നിരയ്ക്ക് ആവശ്യമായ സമയങ്ങളിലെല്ലാം ഗോൾ നേടാനായിട്ടുണ്ട്. ഗ്രൂപ്പിൽ മൂന്ന് കളികളും ജയിച്ച യുറുഗ്വായ് പ്രാഥമിക ഘട്ടത്തിൽ ഒമ്പത് ഗോളുകൾ അടിച്ചുകൂട്ടി. ഒരു ഗോൾ മാത്രമാണ് ഇത് വരെ വഴങ്ങിയത്.
അതേസമയം ഇന്ന് പുലർച്ചെ നടന്ന കോപ്പ അമേരിക്ക 2024 ന്റെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ അർജനീന വിജയിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് കനേഡിയന് സംഘത്തെ പരാജയപ്പെടുത്തിയാണ് നിലവിലത്തെ ചാമ്പ്യന്മാര് ഫൈനലില് കടന്നത്. ഹൂലിയന് ആല്വരെസും ലയണല് മെസ്സിയും അര്ജന്റീനയ്ക്കായി ഗോളുകള് നേടി. നാളെ നടക്കുന്ന കൊളംബിയ-യുറുഗ്വായ് മത്സരത്തിലെ വിജയികളാവും അര്ജന്റീനയുടെ ഫൈനലിലെ എതിരാളി.
ഇംഗ്ലണ്ടിന് ഓറഞ്ച് പുളിക്കുമോ, അതോ മധുരിക്കുമോ ?