മ്യൂണിച്ച്: യൂറോ രണ്ടാം സെമിയിൽ ഇന്ന് നിലവിലെ യൂറോ റണ്ണേഴ്സ് അപ്പായ ഇംഗ്ലണ്ടിനെതിരെ ഓറഞ്ച് പട ഇറങ്ങും. ഈ യൂറോ കപ്പിൽ കിരീട സാധ്യത പ്രവചിച്ചിരുന്ന രണ്ട് ടീമുകളാണ് നെതർലാൻഡ്സും ഇംഗ്ലണ്ടും. ആദ്യം ഗോൾ വഴങ്ങി പിന്നീട് രണ്ട് ഗോൾ തിരിച്ചടിച്ചാണ് തുർക്കിക്കെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരം നെതർലാൻഡ് വിജയിച്ചത്. കളിയുടെ മുഴുവൻ സമയത്തും അധിക സമയത്തും വിജയ ഗോൾ നേടാനാകാതെ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു സ്വിറ്റ്സർലൻഡിനെതിരെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലീഷ് പടയുടെ ജയം.
കോഡി ഗാക്പോയുടെ നേതൃത്വത്തിലുള്ള വേഗതയും കൃത്യതയുമുള്ള മുന്നേറ്റ നിരയാണ് ഓറഞ്ച് പടയുടെ കരുത്ത്. സെറ്റ് പീസുകളിലാണ് ഓറഞ്ച് പട മുന്നേറ്റങ്ങൾ തീർക്കുന്നത്. വിർജിൽ വാൻ ഡിക്കിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയും മികച്ച് തന്നെയാണ് കളിക്കുന്നത്. ലഭിക്കുന്ന അവസരങ്ങൾ കൂടി മുതലാക്കാനായാൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സ്പെയിനുമായുളള കലാശപോരിലെത്താം.
മറുവശത്ത് മുന്നേറ്റം മുതൽ പ്രതിരോധം വരെ മികച്ച നിരയുണ്ടായിട്ടും മികച്ച കളി പുറത്തെടുക്കാൻ കഴിയാത്തതിന്റെ സമ്മർദ്ദത്തിലാണ് ഇംഗ്ലണ്ട്. ഇതിനകം തന്നെ പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റിന് മേൽ ആരാധകരുടെ പ്രതിഷേധം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഓരോ മത്സരത്തിലും താരങ്ങളുടെ വ്യക്തിഗത മികവിലാണ് ടീം രക്ഷപ്പെട്ടുപോന്നത്. സ്ലൊവാക്യക്കെതിരെ ജൂഡ് ബെല്ലിങ്ഹാം രക്ഷകനായപ്പോൾ സ്വിറ്റ്സർലൻഡിനെതിരായ കളിയിൽ ബുകായോ സാക്ക രക്ഷകനായി. നെതർലാൻഡിനെതിരെയുളള സെമി മത്സരത്തിലെങ്കിലും ടീമിന്റെ പ്രകടനം പുറത്തെടുത്തില്ലെങ്കിൽ പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റിന്റെയും ടീമിന്റെയും വഴി പുറത്തേക്കാകും.
വിമർശിച്ചവർക്ക് മിശിഹായുടെ മറുപടി; 'ചരിത്രം ആവർത്തിക്കപ്പെടുന്നു...'