കൊച്ചി: പുതിയ സീസണിലേക്ക് പ്രതീക്ഷയോടെ ചുവട് വെക്കുന്ന കേരളത്തിന്റെ ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേർന്ന് സൂപ്പർ താരം ആഡ്രിയാൻ ലൂണയും. നിലവിൽ തായ്ലൻഡിൽ പ്രീ സീസൺ മാച്ചുകൾ കളിക്കുന്ന ടീമിൽ ഇതിനകം തന്നെ മുഴുവൻ വിദേശ താരങ്ങളും ചേർന്നിട്ടുണ്ട്. ക്യാപ്റ്റൻ കൂടിയായ ലൂണ മാനേജ്മെന്റ് നൽകിയ പ്രത്യേക അധിക വിശ്രമം കഴിഞ്ഞ് ഇന്നാണ് തായ്ലാൻഡിലെത്തിയത്.
ലൂണ തായ്ലൻഡിൽ ടീമിനൊപ്പം ചേരുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനകം തന്നെ ക്ലബിന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വരികയും ആരാധകർക്കിടയിൽ ചർച്ചയുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ ലൂണ ഇന്ന് നടന്ന ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീ സീസൺ മത്സരം കളിച്ചിരുന്നില്ല. അടുത്ത പ്രീ സീസൺ മുതൽ താരം കളത്തിലിറങ്ങുമെന്നാണ് സൂചന.
അതേ സമയം തായ്ലൻഡിൽ വെച്ച് പട്ടായ യുണൈറ്റഡുമായി ഇന്ന് നടന്ന ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടീം തോറ്റത്. തായ് ലീഗ് 2 വിലെ പ്രധാന ടീമുകളിലൊന്നാണ് പട്ടായ യുണൈറ്റഡ്. ആദ്യ പ്രീ സീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർ പരിശീലകൻ ഇവാൻ വുക്കുമനോവിക്ക് സ്ഥാനമൊഴിഞ്ഞ ശേഷമുള്ള ടീമിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. സ്വീഡൻ പരിശീലകനായ മൈക്കിൾ സ്റ്റാറെയാണ് പുതിയ പരിശീലകൻ. ജൂലായ് 27 ന് ആരംഭിക്കുന്ന ഡൂറൻറ് കപ്പോടെയാണ് പുതിയ സീസൺ തുടങ്ങുന്നത്. കഴിഞ്ഞ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ അഞ്ചാമതെത്തിയ ടീം പക്ഷെ സൂപ്പർ കപ്പിലും ഡൂറൻറ് കപ്പിലും ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായിരുന്നു.
പ്രീ സീസണിൽ ബ്ലാസ്റ്റേഴ്സിന് പട്ടായ യുണൈറ്റഡിനെതിരെതോൽവിയോടെ തുടക്കം