ന്യൂജേഴ്സി: കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയെ കൊളംബിയ നേരിടും. രണ്ടാം സെമിയില്‍ യുറുഗ്വായ്യെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് കൊളംബിയ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ആദ്യ പകുതിയില്‍ ജെഫേഴ്സണ്‍ ലേമയാണ് കൊളംബിയയുടെ വിജയഗോള്‍ നേടിയത്.
Histórico triunfo de Colombia 😎 pic.twitter.com/RDisM5Oc4l
— CONMEBOL Copa América™️ (@CopaAmerica) July 11, 2024
മത്സരത്തിന്റെ 39-ാം മിനിറ്റിലാണ് ഏകഗോള്‍ പിറക്കുന്നത്. സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ വന്നത്. കൊളംബിയയ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ റോഡ്രിഗസ് പെനാല്‍റ്റി ബോക്സിലേക്ക് കൈമാറുകയും ലേമ അത് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയുമായിരുന്നു.
ടൂര്‍ണമെന്റില്‍ റോഡ്രിഗസിന്റെ ആറാമത്തെ അസിസ്റ്റാണിത്. ഇതോടെ ഒരു കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നേടുന്ന താരമെന്ന റെക്കോര്‍ഡ് റോഡ്രിഗസ് സ്വന്തം പേരിലെഴുതിച്ചേര്‍ത്തു. 2021 കോപ്പയില്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ അഞ്ച് അസിസ്റ്റെന്ന റെക്കോര്‍ഡാണ് റോഡ്രിഗസ് പഴങ്കഥയാക്കിയത്.
90-ാം മിനിറ്റില്‍ വിജയഗോള്‍; നെതര്‍ലാന്‍ഡ്സിനെ വീഴ്ത്തി ഇംഗ്ലണ്ട് ഫൈനലിൽആദ്യപകുതിയുടെ അധികസമയത്ത് കൊളംബിയയുടെ ഡാനിയല്‍ മുനോസിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നു. യുറുഗ്വായ്യുടെ ഉഗാര്‍ട്ടയുടെ നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് റഫറി രണ്ടാം മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയത്. 31-ാം മിനിറ്റില്‍ അരോജോയെ ഫൗള്‍ ചെയ്തതിന് മുനോസ് നേരത്തെ ഒരു മഞ്ഞക്കാര്‍ഡ് വഴങ്ങിയിരുന്നു. ഇതോടെ രണ്ടാം പകുതിയില്‍ പത്ത് പേരുമായാണ് കൊളംബിയ പൊരുതിയത്. മുന്‍തൂക്കം മുതലെടുത്ത് യുറുഗ്വായ് പൊരുതിയെങ്കിലും രണ്ടാം പകുതിയില്‍ ഗോളൊന്നും പിറന്നില്ല. ഇതോടെ കൊളംബിയ ഫൈനലിലേക്ക് പ്രവേശിച്ചു.