ഡോര്ട്ട്മുണ്ട്: യൂറോ കപ്പില് സ്പെയിന്-ഇംഗ്ലണ്ട് കലാശപ്പോരാട്ടം. രണ്ടാം സെമി ഫൈനലില് നെതര്ലാന്ഡ്സിനെ തകര്ത്താണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് ഇംഗ്ലീഷ് പടയുടെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് രണ്ട് ഗോളുകള് തിരിച്ചടിച്ചാണ് വിജയം ഉറപ്പിച്ചത്. 90-ാം മിനിറ്റിലാണ് വിജയഗോള് പിറക്കുന്നത്. രണ്ടാം പകുതിയില് പകരക്കാരനായി ഇറക്കിയ ഒലി വാട്കിന്സാണ് മത്സരത്തിന്റെ ഗതി നിര്ണയിച്ച ഗോള് നേടിയത്.
Spain 🆚 England
— UEFA EURO 2024 (@EURO2024) July 10, 2024
Berlin. Sunday.#EURO2024 pic.twitter.com/f1NqmQfOpO
മത്സരത്തിന്റെ ഏഴാം മിനിറ്റില് ലഭിച്ച ലീഡ് മുതലെടുക്കാന് ഡച്ചുപടയ്ക്ക് കഴിഞ്ഞില്ല. ഇതോടെ യൂറോ കപ്പില് സെമിയിലെത്തിയ ആറാം തവണയും നെതര്ലാന്ഡ്സിന് മടങ്ങേണ്ടിവന്നു. അതേസമയം ഇംഗ്ലണ്ട് തുടര്ച്ചയായ രണ്ടാം തവണയാണ് യൂഫോ കപ്പ് ഫൈനലില് കടക്കുന്നത്. കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തില് ഇറ്റലിയോട് ഷൂട്ടൗട്ടില് പരാജയപ്പെട്ടിരുന്നു.
ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് നെതര്ലാന്ഡ്സ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ ഏഴാം മിനിറ്റില് സാവി സൈമണ്സിലൂടെ ഡച്ചുപട മുന്നിലെത്തി. സൈമണ്സിന്റെ ബോക്സിന് പുറത്തുനിന്നുള്ള വലങ്കാല് ഷോട്ട് പോസ്റ്റിന്റെ ടോപ് ലെഫ്റ്റ് കോര്ണറില് പതിക്കുമ്പോള് ഗോള്കീപ്പര് ജോര്ദാന് പിക്ഫോര്ഡ് നിസ്സഹായനായിരുന്നു.
ലീഡ് വഴങ്ങിയതോടെ ഇംഗ്ലണ്ട് ആക്രമണം കടുപ്പിച്ചു. 13-ാം മിനിറ്റില് ജൂഡ് ബെല്ലിങ്ഹാം നല്കിയ പാസില് നിന്ന് ഹാരി കെയ്ന് ഷോട്ടുതിര്ത്തെങ്കിലും നെതര്ലാന്ഡ്സ് രക്ഷപ്പെടുത്തി. ഹാരി കെയ്നിന്റെ പാസില് ബുകായോ സാകയുടെ നീക്കവും വിഫലമായി. ഇംഗ്ലണ്ട് ക്യാപ്റ്റന് ഹാരി കെയ്നെ ഡെന്സല് ഡെംഫ്രീസ് ഫൗള് ചെയ്ത് വീഴ്ത്തിയതിനായിരുന്നു പെനാല്റ്റി. വാര് പരിശോധനയില് പെനാല്റ്റി അനുവദിക്കുകയും ഡെംഫ്രീസിന് യെല്ലോ കാര്ഡ് ലഭിക്കുകയും ചെയ്തു. കിക്കെടുത്ത ഹാരി കെയ്ന് ശക്തമായ ഗ്രൗണ്ടറിലൂടെ പന്ത് വലയിലാക്കി ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.
സമനില കണ്ടെത്തിയ ശേഷം ഇംഗ്ലണ്ടിന്റെ സര്വാധിപത്യമായിരുന്നു. ജൂഡ് ബെല്ലിങ്ഹാമും ബുകായോ സാകയും നേതൃത്വം നല്കിയ ഇംഗ്ലണ്ട് മുന്നേറ്റനിര ഡച്ച് ഗോള്മുഖത്ത് സ്ഥാനമുറപ്പിച്ചു. ഫില് ഫോഡനും ഫോമിലേക്കുയര്ന്നതോടെ ആക്രമണം കടുകട്ടിയായി. 23-ാം മിനിറ്റില് തകര്പ്പന് മുന്നേറ്റത്തിനൊടുവില് ഫോഡന്റെ ഷോട്ട് ഗോള്ലൈനില് വെച്ച് ഡെംഫ്രീസ് അവിശ്വസനീയമാം വിധം സേവ് ചെയ്തു. 32-ാം മിനിറ്റില് ഫോഡന്റെ ഷോട്ട് പോസ്റ്റില് തട്ടിത്തെറിച്ചു. ആദ്യപകുതി ഇരുടീമുകളും ഓരോ ഗോള് വീതം അടിച്ചുപിരിഞ്ഞു.
Late Watkins winner sends England into the final! 🏴#EURO2024 | #NEDENG pic.twitter.com/2zZj9AWUEC
— UEFA EURO 2024 (@EURO2024) July 10, 2024
രണ്ടാം പകുതിയുടെ തുടക്കത്തില് ഇരു ടീമുകള്ക്കും മികച്ച അവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല. ഇംഗ്ലണ്ട് കൂടുതല് ആക്രമണത്തിലേക്ക് കടന്നതോടെ നെതര്ലാന്ഡ്സ് പതുക്കെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. എങ്കിലും ലഭിച്ച അവസരങ്ങള് ഉപയോഗപ്പെടുത്തി നെതര്ലാന്ഡ്സ് ഇംഗ്ലീഷ് ഗോള്മുഖത്തേക്ക് ഇരച്ചെത്തുകയും ചെയ്തു. 79-ാം മിനിറ്റില് ഫോഡനും കൈല് വാക്കറും ചേര്ന്നുള്ള മുന്നേറ്റത്തിനൊടുവില് സാക്ക പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡ് വിധിച്ചതോടെ ഗോള് നിഷേധിക്കപ്പെട്ടു.
അവസാന മിനിറ്റുകളില് ഫില് ഫോഡനെയും ഹാരി കെയ്നെയും പിന്വലിച്ച് ഒലി വാറ്റ്കിന്സും കോള് പാമറെയും ഇറക്കാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനമാണ് ഒടുവില് ഫലം കണ്ടത്. മത്സരം അധിക സമയത്തേക്ക് നീങ്ങുമെന്ന് ഉറപ്പായ നിമിഷം ഇംഗ്ലണ്ടിന്റെ രണ്ടാം ഗോള് പിറന്നു. കോള് പാമര് നല്കിയ ത്രൂ പാസ് പിടിച്ചെടുത്ത ഒലി വാട്കിന്സ് ബോക്സിന്റെ വലതുമൂലയില് നിന്ന് തൊടുത്ത നിലംപറ്റെയുള്ള ഷോട്ടാണ് വല കുലുക്കിയത്. ഷോട്ട് തടയുന്നതിന് ഗോള്കീപ്പര് മുഴുനീള ഡൈവ് നടത്തിയെങ്കിലും പോസ്റ്റിനോട് ചേര്ന്ന് പന്ത് വലയിലെത്തി.