കോപ്പയില് 'തല്ലുമാല'; കൊളംബിയന് ആരാധകരെ തല്ലി യുറുഗ്വായ് താരങ്ങള്, വീഡിയോ

ഡാര്വിന് ന്യൂനസ് അടക്കമുള്ള സൂപ്പര് താരങ്ങള് സംഘര്ഷത്തില് ഏര്പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്

dot image

ന്യൂയോര്ക്ക്: കോപ്പ അമേരിക്കയില് യുറുഗ്വായ്- കൊളംബിയ സെമിഫൈനല് പോരാട്ടത്തിന് പിന്നാലെ സ്റ്റേഡിയത്തില് കൂട്ടത്തല്ല്. ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തില് നടന്ന മത്സരത്തില് യുറുഗ്വായ്യെ തകര്ത്ത് കൊളംബിയ ഫൈനലിലെത്തിയിരുന്നു. ഇതിന് പിന്നാലെ ഏതാനും യുറുഗ്വായ് താരങ്ങളും കൊളംബിയയുടെ ആരാധകരും തമ്മില് ഏറ്റുമുട്ടുകയായിരുന്നു. ഡാര്വിന് ന്യൂനസ് അടക്കമുള്ള സൂപ്പര് താരങ്ങള് സംഘര്ഷത്തില് ഏര്പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്.

രണ്ടാം സെമിയില് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കൊളംബിയയുടെ വിജയം. കളത്തില് നിരവധി ഫൗളുകള് അരങ്ങേറിയ മത്സരമായിരുന്നു ഇത്. ആദ്യ പകുതിയുടെ അധിക സമയത്ത് യുറുഗ്വായ്യുടെ ഉഗാര്ട്ടയുടെ നെഞ്ചില് കൈമുട്ട് കൊണ്ട് ഇടിച്ചതിന് കൊളംബിയയുടെ ഡാനിയല് മുനോസിന് രണ്ടാം മഞ്ഞകാര്ഡ് കണ്ട് പുറത്തുപോവേണ്ടിവന്നിരുന്നു. 31-ാം മിനിറ്റില് അരോജോയെ ഫൗള് ചെയ്തതിന് മുനോസ് നേരത്തെ ഒരു മഞ്ഞക്കാര്ഡ് വഴങ്ങിയിരുന്നു. ഇതോടെ രണ്ടാം പകുതിയില് പത്ത് പേരുമായാണ് കൊളംബിയ പൊരുതിയത്.

എന്നാല് മത്സരത്തില് കൊളംബിയ വിജയമുറപ്പിച്ചതിന് പിന്നാലെ യുറുഗ്വായ് താരങ്ങള് ഗ്യാലറിയിലെത്തി ആരാധകരുമായി കയ്യാങ്കളിയില് ഏര്പ്പെടുകയുമായിരുന്നു. 70,644 കാണികളാണ് സ്റ്റേഡിയത്തില് ഉണ്ടായിരുന്നത്. അതില് 90 ശതമാനവും കൊളംബിയന് ആരാധകരായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിനിടെ വെള്ളക്കുപ്പികള് എറിഞ്ഞതിന് തുടര്ന്ന് ഗ്യാലറിയിലും ആരാധകര് തമ്മില് ചെറിയ ഏറ്റുമുട്ടലുണ്ടായിരുന്നു.

പത്തുപേരുമായി പൊരുതി യുറുഗ്വായ്യെ വീഴ്ത്തി; കോപ്പ ഫൈനലില് മെസ്സിപ്പടയെ നേരിടാന് കൊളംബിയ

മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ ഡാര്വിന് ന്യൂനസും റൊണാള്ഡ് അരൗജോയും അടക്കമുള്ള താരങ്ങള് സ്റ്റേഡിയത്തിന്റെ പടികള് ഓടിക്കയറി ആരാധകരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. സംഘര്ഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പത്ത് മിനിറ്റിലധികം സമയമെടുത്താണ് പൊലീസ് സ്ഥിതിഗതികള് നിയന്ത്രണ വിധേയമാക്കിയതെന്നാണ് റിപ്പോര്ട്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us