മയാമി: കോപ്പ അമേരിക്ക കിരീടം നിലനിര്ത്താനുള്ള കലാശപ്പോരില് കൊളംബിയയെ നേരിടാനൊരുങ്ങുകയാണ് അര്ജന്റീന. തിങ്കളാഴ്ച ഇന്ത്യന് സമയം പുലര്ച്ചെ 5.30ന് മയാമിയിലെ ഹാര്ഡ് റോക്ക് സ്റ്റേഡിയത്തിലാണ് അര്ജന്റീന-കൊളംബിയ ഫൈനല് നടക്കുക. എന്നാല് ലയണല് മെസ്സിയെയും സംഘത്തെയും സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായ വാര്ത്തയല്ല പുറത്തുവരുന്നത്.
ഫൈനല് നിയന്ത്രിക്കാനെത്തുന്നത് ബ്രസീലിയന് റഫറി റാഫേല് ക്ലോസാണെന്നാണ് റിപ്പോര്ട്ടുകള്. മുന്പ് മെസ്സിയടക്കമുള്ള താരങ്ങളെ പ്രകോപിപ്പിച്ച് വിവാദം സൃഷ്ടിച്ച റഫറിയാണ് ക്ലോസ്. 2020ല് അര്ജന്റീനയും പരാഗ്വെയും തമ്മില് ബ്യൂണസ് ഐറിസില് വെച്ച് നടന്ന മത്സരത്തിലാണ് വിവാദമായ സംഭവങ്ങള് അരങ്ങേറിയത്.
മെസ്സി പഴയ മെസ്സിയല്ല; ആര്ക്ക് വേണമെങ്കിലും തടയാനാവുമെന്ന് മുന് കൊളംബിയന് താരംമത്സരത്തില് പലപ്പോഴും അര്ജന്റീനയ്ക്കെതിരെ തീരുമാനങ്ങളെടുത്ത റഫറിയുടെ നീക്കങ്ങള് മെസ്സിയെ പ്രകോപിതനാക്കിയിരുന്നു. മത്സരത്തില് മെസ്സിയുടെ ഗോള് വാര് റിവ്യൂ നടത്തി റഫറി റാഫേല് ക്ലോസ് നിഷേധിക്കുകയും ചെയ്തിരുന്നു. ഗോള് നിഷേധിക്കപ്പെട്ടതോടെ അര്ജന്റീനയ്ക്ക് മത്സരം 1-1 സമനിലയില് കലാശിക്കുകയും ചെയ്തു. ഒടുവില് മെസ്സി ക്ഷുഭിതനാവുകയും റഫറിക്കെതിരെ പരസ്യമായി പരാമര്ശം നടത്തുന്നതിന്റെയും ദൃശ്യങ്ങള് പുറത്തുവന്നു.
മാത്രവുമല്ല ബ്രസീലിയന് റഫറിയായ റാഫേല് ക്ലോസിനെ അര്ജന്റീനയുടെ നിര്ണായക മത്സരം നിയന്ത്രിക്കാന് ഏല്പ്പിച്ചതിനെതിരെയും വിമര്ശനങ്ങള് ഉയര്ന്നുകഴിഞ്ഞു. കോപ്പ കിരീടം നിലനിര്ത്താനിറങ്ങുന്ന മെസ്സിക്കും സംഘത്തിനും റഫറി തലവേദനയാകുമോ എന്ന ആശങ്കയിലാണ് ആരാധകര്.