മയാമി: കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയക്കെതിരെ തന്റെ അവസാന അന്താരാഷ്ട്ര മത്സരങ്ങൾക്കിറങ്ങുകയാണ് അർജന്റീനയുടെ മാലാഖ ഡി മരിയ. തന്റെ ഉറ്റ കൂട്ടുകാരനായ ഡി മരിയക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് നായകൻ ലയണൽ മെസ്സി. ഡി മരിയ കോപ്പ അമേരിക്ക ഫൈനലിൽ സ്കോർ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് മെസ്സി പറഞ്ഞു. 'താൻ മുമ്പ് കളിച്ച എല്ലാ ഫൈനലിലും സ്കോർ ചെയ്ത പോലെ അർജന്റീന ജേഴ്സിയിലെ അവസാന ഫൈനലിലും ഡിമരിയക്ക് ഗോൾ നേടാനാവട്ടെ, അങ്ങനെയെങ്കിലും അതൊരു പ്രത്യേക യാത്രയപ്പാകും' മെസ്സി പറഞ്ഞു.
കാനഡയ്ക്ക് ശേഷമുള്ള സെമിഫൈനലിന് ശേഷം കോപ്പയ്ക്ക് ശേഷം, താൻ വിരമിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ഡി മരിയ പ്രതികരിച്ചിരുന്നു. 2008 ലെ ഒളിംപിക്സിലും 2021 കോപ്പയിലും 2022 ഖത്തറിലെ ലോകകപ്പിലും അതിനിടയ്ക്ക് നടന്ന ഫൈനലിസീമ തുടങ്ങി അർജന്റീന സമീപ കാലത്ത് നേടിയ കിരീടങ്ങളുടെയെല്ലാം ഫൈനലിൽ ഡി മരിയ ഗോൾ നേടിയിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചാലും 2005 വരെ ബെൻഫിക്കായി ക്ലബ് ഫുടബോളിൽ തുടരുമെന്ന് താരം വ്യക്തമാക്കിയിരുന്നു.
മൂന്ന് വർഷത്തിനിടെ നാല് കിരീടമെന്ന സ്വപ്ന തുല്യമായ നേട്ടത്തിലേക്കാണ് മെസ്സിയും കൂട്ടരും നാളെ കൊളംബിയക്കെതിരെയുള്ള കോപ്പ അമേരിക്ക ഫൈനലിന് ഇറങ്ങുന്നത്. ശക്തരായ ടീമുകളെ തറപറ്റിച്ചെത്തിയ ഹാമിഷ് റോഡ്രിഗസിന്റെ സംഘമാകട്ടെ ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ കോപ്പ കിരീടം നേടി സമീപ പതിറ്റാണ്ടിലെ നിരാശകളെയെല്ലാം കടന്ന് ലോക ഫുട്ബോളിൽ ഒരു തിരിച്ചുവരവിന് കോപ്പ് കൂട്ടുന്നു. 2021 ലെ കോപ്പ, 2022 ലെ ലോകകിരീടം, അതിനിടയിൽ യൂറോ ചാമ്പ്യന്മാരെ തോൽപ്പിച്ച് നേടിയ ഫൈനലിസീമ തുടങ്ങി കിരീടങ്ങളെല്ലാം നേടി കൊടുത്ത മെസ്സിക്കും അർജന്റീനൻ സംഘത്തിനും സമ്മർദ്ദ ഭാരമില്ലാത്ത ഒരു ഫൈനൽ കൂടിയാകും ഇത്. 2001 ലാണ് ഒരു പ്രധാന ടൂർണമെന്റ് കിരീടം എന്ന നിലയിൽ കൊളംബിയ കോപ്പ കിരീടം നേടുന്നത്.
ഫൈനലില് ജയിച്ചാല് കോപ്പയില് കൂടുതല് കിരീടം എന്ന റെക്കോഡ് അര്ജന്റീനയ്ക്ക് സ്വന്തമാകും. നിലവില് അര്ജന്റീനയ്ക്കും യുറഗ്വായിക്കും 15 വീതം കിരീടങ്ങളുണ്ട്. അര്ജന്റീനയുടെ 30-ാം ഫൈനലാണിത്. മെസ്സിക്ക് ഈ ടൂര്ണമെന്റിലെ അഞ്ചാം ഫൈനലും. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളില്നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച എയ്ഞ്ചല് ഡി മരിയയെ കിരീടത്തോടെ യാത്രയാക്കാന് ടീം ആഗ്രഹിക്കുന്നു. ടൂര്ണമെന്റില് ടീം അപരാജിതരായിരുന്നു. ക്വാര്ട്ടര്ഫൈനലില് ഇക്വഡോറിനോട് വിറച്ചെങ്കിലും ഷൂട്ടൗട്ടില് ജയിച്ചു. ടൂർണമെന്റിൽ താര ശോഭയുടെയത്ര മികവ് പുലർത്താൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും സെമിയില് കാനഡയ്ക്കെതിരേ ഗോള് നേടിയിരുന്നു.
കളിച്ച കഴിഞ്ഞ 28 മത്സരങ്ങളിലും പരാജയമറിയാത്ത ടീമാണ് കൊളംബിയ. ടീം ഗെയിമാണ് വമ്പൻ ടീമുകളെ മറികടക്കാൻ കൊളംബിയൻ സംഘത്തിന് കരുത്ത് നൽകിയത്. പഴയ സൂപ്പര് താരം ഹാമിഷ് റോഡ്രിഗസിന്റെ തിരിച്ചുവരവും കൂടിയായതോടെ ടീം വലിയ ആത്മവിശ്വാസത്തിലാണ്. 12 ഗോളുകൾ ഈ ടൂർണമെന്റിൽ ഇത് വരെ അടിച്ചു കൂടിയപ്പോൾ വെറും രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. 23 വര്ഷത്തിനുശേഷമാണ് ടീം കോപ്പ ഫൈനലിലെത്തുന്നത്. രണ്ട് പേരുടെയും വ്യത്യസ്ത രീതിയിലുള്ള രണ്ട് ലാറ്റിനമേരിക്കൻ ശൈലി കൂടിയാകുമ്പോൾ ഫൈനൽ ഫുട്ബോൾ ആരാധകർക്ക് ഒരു മികച്ച കളി വിരുന്നാവും, തീർച്ച.
മാലാഖയ്ക്കുള്ള യാത്രയപ്പോ?റോഡ്രിഗസിന്റെ രണ്ടാം വരവിനുള്ള സമ്മാനമോ കോപ്പ ?