ബെര്ലിന്: 12 വർഷങ്ങൾക്ക് ശേഷം വീണ്ടും കിരീടം വഴിയിലെത്തി സ്പെയിൻ. കലാശപ്പോരില് ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്ക്കാണ് തകര്ത്തത്. രണ്ടാം പകുതിയിലെ നിക്കോ വില്യംസിന്റെയും അവസാന മിനിറ്റുകളിലെ ഒയാര്സബലിന്റെയും ഗോളുകളാണ് സ്പെയിനിനെ തുണച്ചത്. ഇംഗ്ലണ്ടിനായി കോള് പാല്മര് ആശ്വാസ ഗോള് നേടി. സ്പെയിനിന്റെ നാലാം യൂറോ കപ്പ് കിരീടമാണിത്. നാല് യൂറോ കിരീടങ്ങള് നേടുന്ന ആദ്യ ടീമാണ് സ്പെയിന്. അതേ സമയം തുടർച്ചയായ രണ്ടാം യൂറോ ഫൈനലിലും കിരീടം നേടാനാകാതെ ഇംഗ്ലണ്ട് മടങ്ങി.
സ്പെയിനിന്റെ മുന്നേറ്റത്തോടെയായിരുന്നു കളി കലാശപ്പോര് ആരംഭിച്ചത്. ഗോള് മാത്രം അകന്നു നിന്ന ആദ്യ പകുതിക്കുശേഷം കളത്തിലിറങ്ങി ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ സ്പെയിന് ലീഡ് കണ്ടെത്തി. പതിനേഴുകാരന് ലാമിന് യമാലിന്റെ അസിസ്റ്റില്നിന്നാണ് ഗോള് പിറന്നത്. ബോക്സിന്റെ വലതുവശത്തുനിന്ന് യമാല് മറുപുറത്ത് ഓടിയെത്തുകയായിരുന്ന നിക്കോ വില്യംസിനെ ലക്ഷ്യംവെച്ച് നല്കിയ പന്ത് ഫലം കണ്ടു. വില്യംസിന് തന്റെ ഇടംകാലുകൊണ്ട് അനായാസം പന്ത് വലയിലെത്തിച്ചു.
ഇതോടെ യമാലിന്റെ ഈ യൂറോ കപ്പിലെ അസിസ്റ്റുകളുടെ എണ്ണം നാലായി. വില്യംസിന്റെ ടൂര്ണമെന്റിലെ രണ്ടാമത്തെ ഗോളും. ഒരു യൂറോ കപ്പ് ടൂര്ണമെന്റിന്റെ ക്വാര്ട്ടര് ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ഗോളോ അസിസ്റ്റോ നേടുന്ന ആദ്യ താരമാവാനും യമാലിന് കഴിഞ്ഞു. എന്നാൽ ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ഇംഗ്ലണ്ട് 73-ാം മിനിറ്റില് തിരിച്ചടിച്ചു. രണ്ട് മിനിറ്റ് മുന്പ് മാത്രം പകരക്കാരനായി ഇറങ്ങിയ പാള്മറായിരുന്നു ഗോൾ നേടിയത്. സ്വന്തം പകുതിയില്നിന്ന് വലതുവിങ്ങിലൂടെ ഇംഗ്ലണ്ട് നടത്തിയ മുന്നേറ്റം ബോക്സിനകത്തെത്തി. അവിടെനിന്ന് ബുകായോ സാക ബോക്സിനകത്ത് ജൂഡ് ബെല്ലിങ്ങാമിന് പാസ് നല്കി. ബെല്ലിങ്ങ്ഹാം പിറകിലേക്ക് വെച്ച് നൽകിയ പന്ത് പാല്മര് നാല് പ്രതിരോധ താരങ്ങളെയും ഗോൾകീപ്പറെയും മറികടന്ന് അത് ബോക്സിന്റെ ഇടതുമൂലയില് എത്തിച്ചു. സ്കോർ ഒന്നേ ഒന്നിൽ സമനിലയിലെത്തി. കളി സമനിലയിലായതോടെ ഇംഗ്ലണ്ട് മുഖത്ത് ആക്രമണം ശകതമാക്കിയ സ്പെയിനിന്റെ ശ്രമം 83-ാം മിനിറ്റില് ഫലം കണ്ടു. അൽവാരോ മോറോട്ടയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഒയാര്സബല് വകയായിരുന്നു ഇത്തവണത്തെ ഗോള്. ഇടതുവിങ്ങില്നിന്ന് കുക്കുറെല്ല ബോക്സിനകത്തേക്ക് നല്കിയ പാസ് ഒയാര്സബല് ഓടിയെത്തി ഗോളാക്കി.
അതോടെ ക്രൊയേഷ്യ, ഇറ്റലി, ജര്മനി, ഫ്രാന്സ്, തുടങ്ങിയ യൂറോപ്പിലെ വമ്പന് ടീമുകളെ മറികടന്ന് കലാശപ്പോരിലെത്തിയ സ്പെയിൻ രാജകീയമായി തന്നെ ഇംഗ്ലണ്ടിനെയും മറികടന്നു. 2012 ജൂലായ് ഒന്നിന് യുക്രൈനിലെ ക്വീവില് ഇറ്റലിയെ തകര്ത്ത് കിരീടം നേടിയതില്പ്പിന്നെ സ്പെയിന് നേടുന്ന ആദ്യ പ്രധാന ടൂര്ണമെന്റ് കിരീടം. ടിക്കി ടാക്കയുടെയും സുവർണ്ണ തലമുറയുടെയും കാലത്തായിരുന്നു ആ കിരീടാധാരണം. 2008 ൽ യൂറോ കിരീടത്തിൽ തുടങ്ങി 2010 ലെ ലോകകിരീടവും ,2012 ലെ യൂറോ കിരീടവും നേടിയ സുവർണ്ണ തലമുറയ്ക്ക് ശേഷമുള്ള സ്പെയിനിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ യൂറോ. അതോടപ്പം രണ്ട് ദിവസങ്ങൾക്ക് മുമ്പ് പതിനേഴ് വയസ്സ് കടന്ന ലാമിൻ യമാലിനുള്ള പിറന്നാൾ സമ്മാനവുമായി ഈ യൂറോ മാറി.
ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറി കൊളംബിയൻ ആരാധകര്; കോപ്പ ഫൈനല് വൈകുന്നു, വീഡിയോ