മയാമി: കോപ്പ അമേരിക്കയിൽ 16ാം തവണയും അർജന്റീന കിരീടമണിഞ്ഞപ്പോൾ ടൂർണമെന്റിന്റെ താരമായി പക്ഷേ തെരഞ്ഞെടുക്കപ്പെട്ടത് കൊളംബിയൻ നായകൻ ജെയിംസ് റോഡ്രിഗസാണ്. അർജനീനൻ സൂപ്പർ താരം ലയണൽ മെസ്സിയ്ക്ക് മികച്ചു കളിയ്ക്കാൻ കഴിയാതിരുന്ന ടൂർണമെന്റിൽ കൂടിയാണ് റോഡ്രിഗസ് മിന്നും പ്രകടനം നടത്തിയത്. 2014 ലോകകപ്പിൽ ഉറുഗ്വെക്കെതിരെ നടന്ന മത്സരത്തിൽ വണ്ടർ വോളിയിലൂടെ ഫുടബോളിലെ ഭാവി താരമെന്ന ചർച്ചകളിലേക്ക് കടന്ന് വന്ന് പരിക്കിലും മറ്റും തട്ടി പ്രതിഭ മങ്ങിയ താരത്തിന്റെ രണ്ടാം വരവ് കൂടിയായിരുന്നു ഈ കോപ്പ.
ദീർഘകാലം ദേശീയ ടീമിന് പുറത്തായിരുന്ന റോഡ്രിഗസിന്റെ സ്വപ്നസമാന തിരിച്ചുവരവിനാണ് കോപ അമേരിക്ക സാക്ഷ്യം വഹിച്ചത്. നാല് മത്സരങ്ങളിൽ കളിയിലെ താരമായ റോഡ്രിഗസ് ഒരു കോപ അമേരിക്ക ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് അസിസ്റ്റ് നൽകിയതിനുള്ള റെക്കോഡും സ്വന്തമാക്കിയിരുന്നു. ആറ് ഗോളിന് ചരടുവലിച്ച് സാക്ഷാൽ ലയണൽ മെസ്സിയെയാണ് താരം മറികടന്നത്. അർഹതക്കുള്ള അംഗീകാരമായി താരത്തിനുള്ള പുരസ്കാരം.
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട്, ഫൈനലിൽ അർജന്റീനയുടെ വീരനായകനായ ലൗട്ടാരോ മാർട്ടിനസ് സ്വന്തമാക്കി. അഞ്ച് ഗോളുകളാണ് കോപയിൽ ഇന്റർ മിലാൻ താരം അർജന്റീനക്കായി അടിച്ചുകൂട്ടിയത്. ടൂർണമെന്റിലുടനീളം മികച്ച സേവുകളുമായി കളം നിറഞ്ഞ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്, ടൂർണമെന്റിന്റെ ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിലാണ് അർജന്റീന വല കുലുങ്ങാതെ എമി കാത്തത്.
അതേ സമയം കലാശപ്പോരിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സ്പെയിൻ കിരീടം നേടിയ യൂറോയിൽ യുവ താരമായി സ്പെയിനിന്റെ പതിനേഴ് വയസ്സുകാരൻ ലാമിൻ യമാലിനെ തിരഞ്ഞെടുത്തു. ടൂര്ണമെന്റിലെ ഏറ്റവും മികച്ച താരമായി സ്പെയിനിന്റെ മധ്യനിര താരം റോഡ്രിയെ തിരഞ്ഞെടുത്തു. സ്പെയിനിന്റെ തന്നെ നിക്കിയാണ് ഫൈനലിലെ താരം. അതേസമയം യൂറോ 2024 ലെ ഗോള്ഡന് ബൂട്ട് ആറുപേര് പങ്കിട്ടു. സ്പെയിനിന്റെ ഡാനി ഒല്മോ, ഇംഗ്ലണ്ട് ക്യാപ്റ്റന് ഹാരി കെയ്ന്, നെതര്ലന്ഡ്സിന്റെ കോഡി ഗാക്പോ, ജര്മനിയുടെ ജമാല് മുസിയാള, സ്ലൊവാക്യയുടെ ഇവാന് സ്ക്രാന്സ്, ജോര്ജിയയുടെ മിക്കോട്ടഡ്സെ എന്നിവരാണ് ഗോള്ഡന് ബൂട്ട് പുരസ്കാരത്തിനര്ഹര്. മൂന്ന് ഗോൾ വീതമാണ് ആറ് താരങ്ങളും നേടിയിരുന്നത്.