ബെർലിൻ: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ ഹാരി കെയ്ൻ. തുടർച്ചയായ രണ്ടാം യൂറോ കപ്പിലാണ് ഇംഗ്ലണ്ട് ഫൈനലിൽ പരാജയപ്പെടുന്നത്. ഈ തോൽവികൾ തന്നെ ഏറെക്കാലം വേദനിപ്പിക്കുമെന്നാണ് ഇംഗ്ലീഷ് നായകന്റെ പ്രതികരണം. ഇപ്പോൾ തങ്ങളുടെ ടീം അനുഭവിക്കുന്ന അവസ്ഥ പറഞ്ഞുമനസിലാക്കാൻ കഴിയില്ല. ഏറെ ബുദ്ധിമുട്ടിയും മത്സരത്തിൽ ഇംഗ്ലണ്ട് ടീം ശക്തമായി തിരിച്ചുവന്നതായി ഹാരി കെയ്ൻ പറഞ്ഞു.
എല്ലാ മത്സരങ്ങളിലും പിന്നിൽ നിന്ന ശേഷമാണ് ഇംഗ്ലണ്ട് ടീം തിരിച്ചുവന്നത്. ഫൈനലിൽ സ്പെയിനുമായി കടുത്ത മത്സരം പുറത്തെടുത്തു. എന്നാൽ വിജയത്തിലേക്ക് മുന്നേറാൻ സാധിച്ചില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് നന്നായി കളിച്ചു. സ്പെയ്നിനെതിരെ സമനില ഗോൾ നേടാൻ കഴിഞ്ഞു. എന്നാൽ മറ്റൊരു ഗോളുമായി സ്പാനിഷ് ടീം മത്സരം വിജയിച്ചു. ഇതാണ് ഫൈനലെന്നും ഹാരി കെയ്ൻ പ്രതികരിച്ചു.
കോപ്പയിലെ അവസാന യുദ്ധവും അവസാനിച്ചു, ദൗത്യങ്ങളൊക്കെ പൂർത്തിയാക്കി മാലാഖയുടെ പടിയിറക്കം...യൂറോ കപ്പിന്റെ ഫൈനലിൽ സ്പെയ്നിനോടാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോളുകൾ നേടാൻ കഴിഞ്ഞിരുന്നില്ല. രണ്ടാം പകുതിയിൽ 47-ാം മിനിറ്റിൽ നിക്കോ വില്യംസും 86-ാം മിനിറ്റിൽ മൈക്കൽ ഒയര്സബലും സ്പാനിഷ് സംഘത്തിനായി ഗോളുകൾ നേടി. 73-ാം മിനിറ്റിൽ കോൾ പാൾമർ ആണ് ഇംഗ്ലണ്ടിന്റെ ആശ്വാസ ഗോൾ വലയിലെത്തിച്ചത്.