ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി പെപ് ഗ്വാര്‍ഡിയോള എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2024 യൂറോ കപ്പ് ഫൈനല്‍ പരാജയത്തിന് പിന്നാലെ ഗാരെത്ത് സൗത്ത്‌ഗേറ്റ് ഇംഗ്ലീഷ് മുഖ്യപരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ ഗ്വാര്‍ഡിയോളയെ തട്ടകത്തിലെത്തിക്കാന്‍ ഇംഗ്ലണ്ട് പരിശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2016-17 സീസണിന്റെ തുടക്കത്തിലാണ് പെപ് ഗാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. സിറ്റിയുമായുള്ള അദ്ദേഹത്തിന്റെ നിലവിലെ കരാര്‍ അടുത്ത സീസണിന്റെ അവസാനത്തോടെ അവസാനിക്കും. എന്നാല്‍ ഈ സാഹചര്യത്തില്‍ സൗത്ത്‌ഗേറ്റിന് പകരക്കാരനായി ഗാര്‍ഡിയോളയെ തട്ടകത്തിലെത്തിക്കാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്എ) 2025 വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആധുനിക കാലഘട്ടത്തിലെ ഏറ്റവും വിജയിച്ച മാനേജര്‍മാരില്‍ ഒരാളാണ് ഗാര്‍ഡിയോള. 53കാരനായ ഗ്വാര്‍ഡിയോളയുടെ കീഴില്‍ മിന്നും ഫോമിലാണ് മാഞ്ചസ്റ്റര്‍ സിറ്റി കുതിക്കുന്നത്. ആറ് തവണ പ്രീമിയര്‍ ലീഗ് കിരീടവും മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും സിറ്റിക്കൊപ്പം അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗ്വാര്‍ഡിയോളയെ നിലനിര്‍ത്തണമെന്നാണ് സിറ്റി ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗ്വാര്‍ഡിയോള ഇംഗ്ലണ്ടിലേക്ക് വിടാന്‍ സിറ്റി തയ്യാറാവുമോയെന്ന് കണ്ടുതന്നെ അറിയണം.