ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാമത് തുടരും; സ്പെയ്നിന് മുന്നേറ്റം

ഇന്ത്യയുടെ സ്ഥാനത്തിൽ മാറ്റമില്ല

dot image

സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന. കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തിയതോടെയാണ് ലയണൽ മെസ്സിയും സംഘവും ഒന്നാമത് തുടരുന്നത്. 1901 പോയിന്റോടെയാണ് അർജന്റീന ഒന്നാമത് തുടരുന്നത്. യൂറോ കപ്പിന്റെ സെമിയിലെത്തിയ ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. 1854 പോയിന്റാണ് ഫ്രഞ്ച് സംഘത്തിനുള്ളത്.

യൂറോ കപ്പിൽ ചാമ്പ്യന്മാരായ സ്പെയിൻ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാമതെത്തി. 1835 പോയിന്റോടെയാണ് സ്പെയിൻ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർ‌ന്നത്. യൂറോ കപ്പിന്റെ ഫൈനൽ കളിച്ച ഇം​ഗ്ലണ്ട് നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇംഗ്ലണ്ട് നാലാം സ്ഥാനത്തെത്തിയത്. കോപ്പ അമേരിക്കയുടെ ക്വാർട്ടറിൽ പരാജയപ്പെട്ട ബ്രസീൽ ഒരു സ്ഥാനം താഴോട്ടിറങ്ങി. പുതിയ റാങ്കിങ്ങിൽ മഞ്ഞപ്പട അഞ്ചാം സ്ഥാനത്താണ്.

ബെൽജിയം, നെതർലൻഡ്സ്, പോർച്ചു​ഗൽ, കൊളംബിയ, ഇറ്റലി തുടങ്ങിയ ടീമുകളാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങൾ. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനത്തിന് മാറ്റമില്ല. കഴിഞ്ഞ ജൂണിൽ ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ മൂന്നാം റൗണ്ടിലേക്ക് കടക്കാൻ കഴിയാതിരുന്നതോടെ ഇന്ത്യ 124-ാം സ്ഥാനത്തേയ്ക്ക് വീണിരുന്നു. പുതിയ റാങ്കിങ്ങിലും ഇന്ത്യ ഇതേ സ്ഥാനത്ത് തുടരുകയാണ്.

dot image
To advertise here,contact us
dot image