മാഡ്രിഡ്: ബ്രസീൽ യുവതാരം എൻഡ്രിക്കിനെയും ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കാൻ സ്പാനിഷ് ഫുട്ബോള‍് ക്ലബ് റയൽ മാഡ്രിഡ്. ജൂലൈ 27 ഉച്ചയ്ക്ക് ശേഷം 3.30നാണ് എൻഡ്രിക്കിനെ അവതരിപ്പിക്കുക. ബ്രസീൽ ക്ലബ് പാൽമിറാസിൽ നിന്നാണ് താരം റയൽ മാഡ്രിഡിലേക്കെത്തുന്നത്. ഇതോടെ വിനിഷ്യസ് ജൂനിയറിനും റോഡ്രിഗോയ്ക്കുമൊപ്പം എൻഡ്രിക്കും സ്പാനിഷ് വമ്പന്മാർക്കൊപ്പം പന്ത് തട്ടും.
ബ്രസീലിന്റെ കൗമാരതാരമായ എൻഡ്രിക്കിന് ജൂലൈ 21ന് 18 വയസ് തികയുകയാണ്. പാൽമിറാസിലെ മികച്ച പ്രകടനം താരത്തെ ബ്രസീൽ ദേശീയ ടീമിലെത്തിച്ചു. അന്താരാഷ്ട്ര ഫുട്ബോളിൽ 10 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. മൂന്ന് ഗോളുകൾ വലയിലെത്തിക്കാനും ബ്രസീൽ യുവതാരത്തിന് കഴിഞ്ഞു. എൻഡ്രിക്കിനായി യൂറോപ്പിലെ പലക്ലബുകളും മുൻനിരയിൽ ഉണ്ടായിരുന്നെങ്കിലും താരത്തെ റയൽ സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഫ്രാൻസ് ഫുട്ബോൾ ടീം നായകൻ കിലിയൻ എംബാപ്പയെ റയൽ മാഡ്രിഡ് ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംങ്ഹാം, ബ്രസീൽ താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എൻഡ്രിക്ക്, ക്രൊയേഷ്യയുടെ അനുഭവസമ്പന്നനായ താരം ലൂക്ക മോഡ്രിച്ച് തുടങ്ങിയവർ ഉൾപ്പെടുന്ന റയൽ മാഡ്രിഡ് നിര ഇനി എതിരാളികൾക്ക് വൻഭീഷണിയാകുമെന്നുറപ്പാണ്.