റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട താരങ്ങളിലൊരാളാണ് ബ്രസീലിയന്‍ ഇതിഹാസം നെയ്മര്‍ ജൂനിയര്‍. വിമര്‍ശനങ്ങളെയെല്ലാം എങ്ങനെയാണ് നെയ്മര്‍ നേരിട്ടതെന്ന് തുറന്നുപറയുകയാണ് ബ്രസീലിയന്‍ ഡിഫന്‍ഡറും നെയ്മറിന്റെ സഹതാരവുമായ തിയാഗോ സില്‍വ. നെയ്മര്‍ വിമര്‍ശനങ്ങളെ നേരിട്ടതുപോലെ അര്‍ജന്റൈന്‍ ഇതിഹാസ താരം മെസ്സിക്ക് സാധിക്കില്ലെന്നും പണ്ടേ വിരമിച്ചിട്ടുണ്ടാവുമെന്ന് പറയുകയാണ് സില്‍വ.
'എനിക്ക് പലകാര്യങ്ങളും മനസ്സിലാവുന്നില്ല. ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ വിമര്‍ശനങ്ങളെയെല്ലാം അവന്‍ വളരെ നിസാരമായാണ് കാണുന്നത്. വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും നേരിടാന്‍ അവന്‍ ചെയ്യുന്നതുപോലെ മറ്റാര്‍ക്കും ചെയ്യാനാവില്ല. നെയ്മറിന്റേതുപോലുള്ള വ്യക്തിത്വവും സ്വഭാവഗുണവുമുള്ള മറ്റൊരു കളിക്കാരനും ലോകത്ത് ഇല്ല', സില്‍വ പറഞ്ഞു.
'നല്ല മനക്കരുത്തുള്ള താരമാണ് നെയ്മര്‍. ഞാന്‍ മെസ്സിയുടെ ഒരു അഭിമുഖം കണ്ടിരുന്നു. കരിയറിലുടനീളം നെയ്മറിന് നേരിടേണ്ടിവന്ന വിമര്‍ശനങ്ങള്‍ മെസ്സി നേരിടേണ്ടിവന്നാല്‍ അദ്ദേഹം എന്നേ വിരമിച്ചിട്ടുണ്ടാകുമായിരുന്നു', സില്‍വ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബ്രസീൽ അന്താരാഷ്ട്ര ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് നെയ്മർ ജൂനിയർ. കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് യുവനിരയെയാണ് ബ്രസീൽ സംഘം അയച്ചത്. 2026ലെ ലോകകപ്പ് കൂടെ മുന്നിൽ കണ്ടായിരുന്നു മഞ്ഞപ്പടയുടെ നീക്കം. എന്നാൽ സൂപ്പർ താരം നെയ്മർ ജൂനിയറിനെ ടീമിൽ ഉൾപ്പെടുത്താത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് താരത്തിന്റെ മടങ്ങിവരവിൽ സൂചന ലഭിച്ചിരിക്കുന്നത്. ഒക്ടോബറിൽ നെയ്മർ ജൂനിയർ ബ്രസീൽ ടീമിലേക്ക് തിരിച്ചുവരവും എന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തത്.
സൗദി ക്ലബ് അൽ ഹിലാലിനായി കളിക്കുന്നതിനിടെയാണ് നെയ്മറിന്റെ കാൽമുട്ടിന് പരിക്കേറ്റത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം താരം കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിന്റെ ടോപ് സ്കോററായിരുന്ന വിനീഷ്യസ് ജൂനിയറിന് സസ്പെൻഷനെ തുടർന്ന് ക്വാർട്ടർ ഫൈനൽ കളിക്കാൻ സാധിച്ചില്ല. പകരക്കാരനായി ഇറങ്ങിയ എൻഡ്രിക്കിന് മത്സരത്തിൽ തിളങ്ങാനും കഴിഞ്ഞില്ല. ഇതോടെ നെയ്മറിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്ന് ആരാധകർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.