പാരിസ്: പാരിസ് ഒളിംപിക്‌സിനിടെ എതിര്‍ ടീമിന്റെ പരിശീലന ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ചോര്‍ത്തിയ സംഭവത്തില്‍ കാനഡയുടെ വനിതാ ഫുട്‌ബോള്‍ ടീം സഹപരിശീലക മാറിനില്‍ക്കും. ഗ്രൂപ്പ് എയില്‍ കാനഡയുടെ എതിരാളികളായ ന്യൂസിലന്‍ഡ് വനിതാ ഫുട്‌ബോള്‍ ടീം പരിശീലനം നടത്തുന്നതിനിടെയാണ് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവം വിവാദമായതോടെയാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായ ജാസ്മിന്‍ മാന്‍ഡറിനെയും വീഡിയോ അനലിസ്റ്റ് ജോസഫ് ലോംബോര്‍ഡിനെയും ഉദ്ഘാടനമത്സരത്തിലെ ചുമതലകളില്‍ നിന്ന് കനേഡിയന്‍ ഒളിംപിക് കമ്മിറ്റി പുറത്താക്കിയത്.
വ്യാഴാഴ്ച വനിതാ ഫുട്‌ബോളില്‍ കാനഡയും ന്യൂസിലന്‍ഡും തമ്മിലാണ് മത്സരം. ഇതിനുമുന്നോടിയായി തിങ്കളാഴ്ച ന്യൂസിലന്‍ഡ് ടീമംഗങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ കാനഡ ഫുട്‌ബോള്‍ ടീമിലുള്ള അംഗം ഡ്രോണ്‍ പറത്തുകയായിരുന്നു. പരിശീലന ദൃശ്യങ്ങള്‍ ചോര്‍ത്തുന്നതിന് വേണ്ടിയാണിതെന്നായിരുന്നു ആരോപണം.
തുടര്‍ന്ന് ന്യൂസിലന്‍ഡ് താരങ്ങള്‍ ഫിഫയ്ക്ക് പരാതി നല്‍കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ന്യൂസിലന്‍ഡ് താരങ്ങളോടും ഒളിംപിക് കമ്മിറ്റിയോടും മാപ്പുപറഞ്ഞ് കനേഡിയന്‍ ഒളിംപിക് കമ്മിറ്റി രംഗത്തെത്തി. തുടര്‍ന്ന് ടീമിന്റെ ഉദ്ഘാടന മത്സരത്തിലെ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ സഹപരിശീലകയോടും വീഡിയോ അനലിസ്റ്റിനോടും കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. ഇരുവരെയും ഉടന്‍ നാട്ടിലേക്ക് തിരിച്ചയക്കുമെന്നും കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.