പാരിസ്: പാരിസ് ഒളിംപിക്‌സ് ഫുട്‌ബോളില്‍ ആദ്യവിജയം സ്വന്തമാക്കി അര്‍ജന്റീന. ഇറാഖിനെതിരായ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ആല്‍ബിസെലസ്റ്റുകള്‍ സ്വന്തമാക്കിയത്. അര്‍ജന്റീനയ്ക്ക് വേണ്ടി തിയാഗോ അല്‍മാദ, ലൂസിയാനോ ഗുണ്ടാവോ, ഇസെക്വേല്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ അയ്‌മെന്‍ ഹുസെയ്ന്‍ ഇറാഖിനായി ആശ്വാസ ഗോള്‍ നേടി.
ഇറാഖിനെതിരെ മികച്ച പ്രകടനമാണ് അര്‍ജന്റീന കാഴ്ചവെച്ചത്. മത്സരത്തിന്റെ 14-ാം മിനിറ്റില്‍ തിയാഗോ അല്‍മാദയിലൂടെയാണ് അര്‍ജന്റീന ലീഡെടുത്തത്. ജൂലിയന്‍ അല്‍വാരസാണ് ആദ്യഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ഇറാഖ് ഒപ്പമെത്തി. അയ്മന്‍ ഹുസൈനാണ് ഇറാഖിന്റെ സമനിലഗോള്‍ നേടിയത്.
ലീഡ് കൈവിട്ടതോടെ രണ്ടാം പകുതിയില്‍ വിജയഗോളിന് വേണ്ടി അര്‍ജന്റീന പരിശ്രമിച്ചു. 62-ാം മിനിറ്റില്‍ ലൂസിയാനോ ഗുണ്ടോവാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്. 85-ാം മിനിറ്റില്‍ ഇസെക്വേല്‍ ഫെര്‍ണാണ്ടസ് കൂടി വലകുലുക്കിയതോടെ അര്‍ജന്റീനയുടെ വിജയം പൂര്‍ത്തിയായി. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് പരാജയം വഴങ്ങിയ അര്‍ജന്റീനയ്ക്ക് ഈ വിജയം നിര്‍ണായകമാണ്.