എതിര്‍ ടീം മൈതാനത്തേക്ക് ഡ്രോണ്‍ പറത്തിയ സംഭവം; കാനഡയ്ക്ക് ഫിഫയുടെ 'എട്ടിന്റെ പണി'

എതിര്‍ടീമിന്റെ പരിശീലന മൈതാനത്തേക്ക് ഡ്രോണ്‍ പറത്തിയതോടെ കാനഡ ഫുട്‌ബോള്‍ ടീം കടുത്ത ചട്ടലംഘനം നടത്തിയതായി ഫിഫ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു

dot image

പാരിസ്: പാരിസ് ഒളിംപിക്സിനിടെ എതിര്‍ ടീമിന്റെ പരിശീലന ദൃശ്യങ്ങള്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ സംഭവത്തില്‍ കാനഡയുടെ വനിതാ ഫുട്ബോള്‍ ടീമിനെതിരെ നടപടി സ്വീകരിച്ച് ഫിഫ. ടീമിന്റെ മുഖ്യപരിശീലക ബെവ് പ്രീസ്റ്റ്മാന് ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഒളിംപിക്സില്‍ കാനഡ ടീമിന്റെ ആറു പോയന്റും വെട്ടിക്കുറച്ചു. കാനഡ ഫുട്ബോള്‍ അസോസിയേഷന് (സിഎസ്എ) ഒരു കോടിയിലധികം രൂപ പിഴ ചുമത്തുകയും ചെയ്തു.

ഗ്രൂപ്പ് എയില്‍ കാനഡയുടെ എതിരാളികളായ ന്യൂസിലന്‍ഡ് ടീം പരിശീലനം നടത്തുന്നതിനിടെയാണ് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിങ്കളാഴ്ച ന്യൂസിലന്‍ഡ് ടീമംഗങ്ങള്‍ പരിശീലനം നടത്തുന്നതിനിടെ കാനഡ ഫുട്ബോള്‍ ടീമിലുള്ള അംഗം ഡ്രോണ്‍ പറത്തുകയായിരുന്നു. പരിശീലന ദൃശ്യങ്ങള്‍ ചോര്‍ത്തുന്നതിന് വേണ്ടിയാണിതെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ ന്യൂസിലന്‍ഡ് താരങ്ങളോടും ഒളിംപിക് കമ്മിറ്റിയോടും മാപ്പുപറഞ്ഞ് കനേഡിയന്‍ ഒളിംപിക് കമ്മിറ്റി രംഗത്തെത്തിയിരുന്നു.

ന്യൂസിലന്‍ഡ് ഒളിംപിക് കമ്മിറ്റി അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് പരാതി നല്‍കിയതോടെയാണ് കടുത്ത അച്ചടക്ക നടപടികളിലേക്ക് കടന്നത്. എതിര്‍ടീമിന്റെ പരിശീലന മൈതാനത്തേക്ക് ഡ്രോണ്‍ പറത്തിയതോടെ കാനഡ ഫുട്‌ബോള്‍ ടീം കടുത്ത ചട്ടലംഘനം നടത്തിയതായി ഫിഫ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സിഎസ്എയുടെ മറ്റ് ഒഫിഷ്യലുകളായ ജോസഫ് ലോംബാര്‍ഡി, ജാസ്മിന്‍ മാന്‍ഡെര്‍ എന്നിവരെയും ഫിഫ ഒരു വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image