ഈ ഗോള്മഴയും വിജയവും വയനാടിന്; കേരളത്തിൻ്റെ മനസ്സായി ബ്ലാസ്റ്റേഴ്സ്

വയനാട്ടിലെ മനുഷ്യര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞായിരുന്നു ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്

dot image

കൊല്ക്കത്ത: ഡ്യുറന്റ് കപ്പില് കരുത്തരായ മുംബൈ സിറ്റി എഫ്സിയെ ഗോള്മഴയില് മുക്കി കേരള ബ്ലാസ്റ്റേഴ്സ്. സീസണിലെ ആദ്യ മത്സരത്തില് എതിരില്ലാത്ത എട്ട് ഗോളുകള്ക്കാണ് ബ്ലാസ്റ്റേഴ്സ് മുംബൈയെ തകര്ത്തുവിട്ടത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ക്വാമെ പെപ്രയും നോഹ സദോയിയും ഹാട്രിക് നേടി തിളങ്ങി. തകര്പ്പന് വിജയം വയനാട്ടിലെ ദുരന്തബാധിതര്ക്കാണ് ബ്ലാസ്റ്റേഴ്സ് സമര്പ്പിച്ചത്. വയനാട്ടിലെ ദുരന്തബാധിതർക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞായിരുന്നു ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. ഗോളടിച്ച ശേഷം ഈ ബാഡ്ജ് അവർ ചൂണ്ടിക്കാണിക്കുകയും ചെയ്തു. 'ഇത് വയനാടിനായി' എന്ന ക്യാപ്ഷനോടെ ബ്ലാസ്റ്റേഴ്സ് ചിത്രങ്ങള് പങ്കുവെക്കുകയും ചെയ്തു.

കൊല്ക്കത്തയിലെ കിഷോര് ഭാരതി ക്രിരംഗനില് നടന്ന മത്സരത്തില് ബ്ലാസ്റ്റേഴ്സിന്റെ റിസര്വ് ടീമാണ് കളത്തിലിറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല് ആക്രമിച്ചുകളിച്ച ബ്ലാസ്റ്റേഴ്സ് 32-ാം മിനിറ്റില് തന്നെ ഗോള്വേട്ട ആരംഭിച്ചു. ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങായ നോഹ സദോയിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോള് നേടിയത്.

40-ാം മിനിറ്റില് ക്വാമെ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സ് സ്കോര് ഇരട്ടിയാക്കി. ക്യാപ്റ്റന് അഡ്രിയാന് ലൂണയുടെ അസിസ്റ്റില് നിന്നാണ് രണ്ടാം ഗോള് പിറന്നത്. മുംബൈയുടെ ബാക്ക്ലൈനിനെ കീറിമുറിച്ച് ലൂണ നല്കിയ പാസ് പെപ്ര അനായാസം വലയിലെത്തിക്കുകയായിരുന്നു. തുടര്ന്നും ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ മൂര്ച്ച കൂട്ടി. 45-ാം മിനിറ്റില് പെപ്രയുടെ വക വീണ്ടും ഗോള്. നോഹയുടെ ക്രോസില് ലൂണയുടെ ഹെഡ്ഡര് ഗോള്കീപ്പര് തടുത്തിട്ടെങ്കിലും റീബൗണ്ട് ലഭിച്ച പെപ്ര ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം പന്ത് എത്തിക്കുകയായിരുന്നു.

53-ാം മിനിറ്റില് പെപ്ര ഹാട്രിക് തികച്ചു. ഇത്തവണ ഡാനിഷ് ഫാറൂഖായിരുന്നു ഗോള് ഒരുക്കിയത്. 76-ാം മിനിറ്റില് നോഹയും ഹാട്രിക് പൂര്ത്തിയാക്കി. പകരക്കാരനായിറങ്ങിയ നോയിഹെന്ബ യോഹന്ബ നല്കിയ പാസ് നോഹ വലയിലെത്തിച്ചു. 86, 87 മിനിറ്റുകളില് ഇഷാന് പണ്ഡിതയിലൂടെ ബ്ലാസ്റ്റേഴ്സ് എട്ട് ഗോള് വിജയം പൂര്ത്തിയാക്കി.

dot image
To advertise here,contact us
dot image