ലോകത്ത് കാൽപന്ത് കളി വിനോദമായിട്ടും മത്സരമായിട്ടും നൂറ്റാണ്ട് കഴിഞ്ഞു. ലോക ഫുട്ബാളിൽ പക്ഷെ ഇന്ത്യൻ ഫുട്ബോളിന് ഇത് വരെ കാര്യമായ മേൽവിലാസമുണ്ടാക്കാനായിട്ടില്ല. ഇന്ത്യയിലെ ഒരു പഞ്ചായത്തിന്റെ ജനസംഖ്യ മാത്രമുള്ള രാജ്യങ്ങൾ വരെ ലോക വേദിയിൽ അത്ഭുത പ്രകടനം നടത്തുമ്പോൾ ഒരു ലോകകപ്പ് യോഗ്യതയെന്ന മാർക്ക് പോലും കടക്കാൻ ഇന്ത്യക്കായിട്ടില്ല. ഏഷ്യ കപ്പും സാഫ് കിരീടത്തിനുമപ്പുറം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നേട്ടമായി അഭിമാനത്തോടെ പറയാനുള്ളത് ഒരു പേരാണ്, രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ഫുട്ബോളിന്റെ മെറ്റഫറായിരുന്ന സുനിൽ ഛേത്രി, ഫിഫയുടെ ലോക റാങ്കിങ്ങിൽ രാജ്യം 125 -ാം സ്ഥാനത്തിൽ നിൽക്കുമ്പോഴും രാജ്യത്തിന് വേണ്ടി ഗോൾ വേട്ട നടത്തിയവരുടെ പട്ടികയിൽ സാക്ഷാൽ മെസ്സിക്കും ക്രിസ്റ്റാനോയ്ക്കും പിറകിൽ മാത്രം പിറകിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യൻ ഗോട്ട്, അഞ്ചടി ഏഴിഞ്ചുകാരനായ ഛേത്രി.
1984 ഓഗസ്റ്റ് മൂന്നിന് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദിൽ ജനിച്ച ഛേത്രിക്ക് ആർമി ഫുട്ബോൾ ടീമിൽ അംഗമായിരുന്ന നാവിക ഉദ്യോഗസ്ഥനായ പിതാവായ കെബി ഛേത്രിയിൽ നിന്നാണ് ഫുട്ബോളിന്റെ ആദ്യ പാഠം ലഭിക്കുന്നത്. ഡാർജിലിങ്ങിലായിരുന്നു ഛേത്രിയുടെ ഫുട്ബോൾ കുട്ടിക്കാലം തുടങ്ങുന്നത്. ശേഷം 2001-2002 സീസണില് ഡൽഹി പ്രീമിയർ ലീഗിൽ കളിച്ചുകൊണ്ടാണ് പ്രഫഷണൽ കരിയർ തുടങ്ങുന്നത്. ഡൽഹി സിറ്റി ക്ലബ്ബിന്റെ താരമായിരുന്ന ഛേത്രി പിന്നീട് അവിടെ നിന്നും മോഹൻ ബഗാനിലേക്കും ജെസിടി മിൽസിലേക്കും ഈസ്റ്റ് ബംഗാളിലേക്കും ഡെംപോയിലേക്കുമെല്ലാം കൂടുമാറി. 2010 ൽ യുഎസിലെ മേജര് ലീഗ് സോക്കർ ലീഗിലും കളിച്ചു. മേജര് ലീഗ് സോക്കറിൽ കൻസസ് സിറ്റിക്ക് വേണ്ടി കളിച്ച താരം പിന്നീട് പോർച്ചുഗലിലെ ലിഗ പ്രോയിൽ സ്പോർടിങ് സിപിക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ മുബൈ സിറ്റിക്കൊപ്പം ചേർന്നു. 2017 മുതൽ പിന്നീട് ഏഴ് സീസണുകളായി ബെംഗളൂരു എഫ്സിയിലും. ക്ലബ്ബ് കരിയറിൽ 550 മത്സരങ്ങളിൽ നിന്നായി 253 ഗോളുകൾ താരം നേടി.
അന്തരാഷ്ട്ര ഫുട്ബോളിൽ 2005 ലായിരുന്നു അരങ്ങേറ്റം. 150 മത്സരങ്ങളിൽ നിന്ന് സെഞ്ച്വറി ഗോൾ നേട്ടത്തിന് അര ഡസൻ മാത്രം കുറവിലാണ് ബൂട്ടഴിച്ചുവെച്ചത്, 94 ഗോളുകൾ. 130 ഗോളുകളുമായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതും അർജന്റീനയുടെ മെസ്സി 109 ഗോളുകളുമായി രണ്ടാമതുമുള്ള ലിസ്റ്റിലെ മൂന്നാമൻ. 49 വ്യത്യസ്ത രാജ്യങ്ങൾക്ക് വേണ്ടി ഗോൾ നേടാനായി എന്നതും ഛേത്രിയുടെ മികവിന്റെ അടയാളമാണ്. ഇന്ത്യക്ക് വേണ്ടി 2008 ൽ എഎഫ്സി കപ്പ്, നാല് തവണ സാഫ് ചാമ്പ്യൻഷിപ്പ്, മൂന്ന് തവണ നെഹ്റു കപ്പ് തുടങ്ങിയവ നേടി കൊടുത്തു. ക്ലബ് കരിയറിൽ നാല് ഐ ലീഗ് കിരീടം, രണ്ട് ഫെഡറേഷൻ കപ്പ്, ഒരു ഐഎസ്എൽ കിരീടം, ഓരോ സൂപ്പർ കപ്പും ഡ്യൂറണ്ട് കപ്പും, ഒരു എഎഫ്സി റണ്ണേഴ്സും.
വ്യക്തിഗത പുരസ്കാരങ്ങളായി ഏഴ് എഐഎഫ്എഫ് പ്ലേയർ ഓഫ് ദി ഇയർ, ആറ് തവണ പ്ലയെർ ഓഫ് ദി നേഷൻ, നാല് തവണ പ്ലയെർ ഓഫ് ദി സാഫ് ചാമ്പ്യൻഷിപ്പ്, മൂന്ന് തവണ സാഫ് ചാമ്പ്യൻഷിപ്പ് ടോപ് സ്കോറർ, ഐ ലീഗ് ടൂർണമെന്റ് പ്ലയർ, ഐ ലീഗ് ടോപ് സ്കോറർ, പ്ലയർ ഓഫ് ഐഎസ്എൽ, പ്ലയർ ഓഫ് സൂപ്പർ കപ്പ്, അങ്ങനെ പോകുന്നു നേട്ടങ്ങങ്ങളുടെ നിര. ഇന്ത്യയിൽ പരമോന്നത കായിക പുരസ്കാരമായ ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യ ഫുട്ബോളറായ ഛേത്രി അർജുന, പത്മശ്രീ പുരസ്കാരങ്ങളും നേടി. ക്യാപ്റ്റൻ ലെജൻഡ് എന്ന പേരിൽ ഫിഫ മൂന്ന് ഭാഗങ്ങളാക്കി ഡോക്യൂമെന്ററി ഇറക്കിയതും ലോക ഫുട്ബോളിൽ ഛേത്രി എത്രമാത്രമുണ്ട് എന്നതിന് ഉദാഹരമായിരുന്നു. ജൂൺ ആറിന് കുവൈത്തുമായുള്ള മത്സരത്തിന് ശേഷം ഛേത്രി ബൂട്ടഴിക്കുമ്പോൾ ‘തലമുറയെ പ്രചോദിപ്പിച്ച താരം’ എന്ന ക്യാപ്ഷനിൽ അഞ്ചോളം പോസ്റ്ററുകളാണ് ഫിഫ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്.
അന്പതുകളില് ശൈലേന്ദ്ര നാഥിനും അറുപതുകളില് പികെ ബാനർജിക്കും ഏഴുപതുകളില് ഷബീർ അലിക്കും തൊണ്ണൂറുകളിൽ ഐഎം വിജയനും രണ്ടായിരങ്ങളിൽ ബൈച്ചുങ് ബൂട്ടിയക്കും ശേഷം ഇന്ത്യൻ ഫുട്ബോളെന്നാൽ ഛേത്രി എന്ന് തന്നയായിരുന്നു അർത്ഥം. മൊത്തം ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രമെടുത്താൽ ഇവരേക്കാൾ തന്നെ വരും ഇന്ത്യയുടെ ‘ക്യാപ്റ്റൻ ലെജൻഡ്’.
2018-ലെ ഇന്റര്കോണ്ടിനെന്റല് കപ്പ് ഓര്മ വരുന്നു. ഇന്ത്യയുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ സെക്കന്ദരാബാദുകാരൻ അന്ന് ആളൊഴിഞ്ഞ ഗ്യാലറി കണ്ട് ഇരു കൈകൾ കൂപ്പി. രാജ്യത്തെ കായിക പ്രേമികളോട് തങ്ങളുടെ ടീമിന് പിന്തുണയറിയിക്കാൻ ഗ്യാലറിയിലെത്താൻ അഭ്യർത്ഥിച്ചു. ലോകത്തേ വമ്പൻ ഫുട്ബോൾ ടീമുകൾക്കൊപ്പം വരില്ലെങ്കിലും ഈ ടീം നിങ്ങളെ നിരാശരാക്കില്ലെന്ന് അയാൾ ഉറപ്പ് നൽകി. ആ ഉറപ്പിൽ ബംഗളുരുവിൽ നടന്ന അടുത്ത മത്സരം മുതൽ തന്നെ താനാക്കിയ വിരമിക്കൽ മത്സരം നടന്ന കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയം വരെ രാജ്യത്തെ കായിക പ്രേമികൾ അയാളെയും ഇന്ത്യൻ ടീമിനെയും പിന്തുടർന്നു .
അയാൾ കളമൊഴിയുമ്പോൾ ഗോളടിക്കാനും മുന്നേറ്റത്തിൽ മുന്നേ ഓടുവാനും പകരക്കാരൻ ആരുണ്ട് എന്നതിനപ്പുറം കളി മൈതാനങ്ങളിലേക്ക് നമ്മുടെ കണ്ണിനേയും കാതിനെയും മനസ്സിനെയും പ്രചോദിക്കാൻ തക്കത്തിൽ ഇനി ആരുണ്ട് എന്ന ചോദ്യം കൂടിയാണ് ബാക്കിയുള്ളത്. അതിന് ഉത്തരം കണ്ടെത്താൻ ഇന്ത്യൻ ഫുട്ബോൾ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടി വരും. ഇന്ത്യയുടെ, ഫിഫയുടെ ‘ക്യാപ്പ്റ്റൻ ലെജൻഡിന്’ നല്പതാം പിറന്നാൾ ആശംസകൾ.