ഈ വർഷം മാർച്ച് 26ന് ഫിഫ ലോകകപ്പിന്റെ യോഗ്യതാ മത്സരം. ഇന്ത്യൻ അഫ്ഗാനിസ്ഥാനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു. 2026ൽ ഫിഫ ലോകകപ്പിന് ഇന്ത്യ യോഗ്യത നേടില്ലെന്ന് ഉറപ്പാക്കിയ പരാജയം. പിന്നാലെ ഒരു തീരുമാനം വന്നു. ഇന്ത്യൻ ഫു്ടബോളിന്റെ നായകൻ വിരമിക്കൽ പ്രഖ്യാപിച്ചു. 39കാരനായ ആ താരത്തിന്റെ പേരാണ് സുനിൽ ഛേത്രി. ഇന്ത്യ ലോകകപ്പ് കളിക്കുയെന്ന സ്വപ്നം അയാൾക്ക് ബാക്കിയായി. ഒടുവിൽ കുവൈറ്റിനെതിരെ അവസാന മത്സരത്തിൽ സ്വന്തം മണ്ണിൽ പന്ത് തട്ടി ഇന്ത്യൻ കുപ്പായത്തോട് വിടപറഞ്ഞു. രണ്ട് പതിറ്റാണ്ടിനടുത്ത് നീലപ്പടയുടെ പോരാളി. സുനിൽ ഛേത്രിക്ക് ഇന്ന് 40-ാം പിറന്നാൾ.
2018ൽ പ്രഥമ ഇന്റര്കോണ്ടിനെന്റല് കപ്പിന്റെ ഉദ്ഘാടന മത്സരം. ഇന്ത്യ ചൈനീസ് തായ്പേയിയെ എതിരില്ലാത്ത അഞ്ചുഗോളിന് പരാജയപ്പെടുത്തി. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ഹാട്രിക് നേടി. പക്ഷെ ഗ്യാലറിയില് ആ വിജയം ആഘോഷിക്കാന് ഉണ്ടായിരുന്നത് 2569 പേര് മാത്രം. ഇന്ത്യയുടെ അടുത്ത മത്സരം കെനിയയോടായിരുന്നു. മത്സരത്തിന്റെ തലേന്ന് സമൂഹമാധ്യമങ്ങളിൽ ഇന്ത്യന് ജനതയോട് ഒരു അഭ്യര്ത്ഥന ഉയർന്നു. 'ചീത്തവിളിക്കുകയോ വിമര്ശിക്കുകയോ എന്തുവേണമെങ്കിലും ചെയ്തോളൂ, ഒരിക്കലെങ്കിലും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കളി കാണാന് സ്റ്റേഡിയത്തിലേക്ക് വരൂ'; അഭ്യർത്ഥനയുമായി എത്തിയത് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയും. പിറ്റേന്ന് മുംബൈ ഫുട്ബോൾ എരീന നിറഞ്ഞുകവിഞ്ഞു. മത്സരം ഏകപക്ഷീയമായ മൂന്ന് ഗോളിന് ഇന്ത്യ ജയിച്ചു. രണ്ട് ഗോളുകൾ ഛേത്രിയുടെ സംഭാവന. ഇന്ത്യൻ ഫുട്ബോളിനായി കളത്തിനകത്തും പുറത്തും നായകത്വം ഏറ്റെടുത്ത ഒരേയൊരു താരം. അയാളാണ് സുനിൽ ഛേത്രി.
ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസത്തെ ഓര്മ്മിച്ചെടുക്കാൻ ഒരു ഫുട്ബോള് പ്രേമിയുടെ മനസ്സിലേക്ക് കടന്നുവരുന്ന ധാരാളം മുഹൂര്ത്തങ്ങളുണ്ട്. ഇതില് സവിശേഷമായ ഒന്നാണ് 2005ല് പാകിസ്താനിനെതിരെ നടന്ന മത്സരം. ഇന്ത്യ-പാകിസ്താനെ നേരിടുന്നു. സൗഹൃദത്തിന്റെ സീമകള്ക്കപ്പുറം വൈകാരികമാണ് മത്സരം. സ്റ്റാര് സ്ട്രൈക്കര് ബൈച്ചുങ് ബൂട്ടിയ പരുക്കിലാണ്. പകരം ആരെന്ന ചോദ്യത്തിന് പരിശീലകന് സുഖ്വീന്ദര് സിങ് കളത്തിറക്കിയത് ജെ സി ടിക്കായി ബൂട്ട് കെട്ടുന്ന ഒരു ഇരുപതുകാരന് പയ്യനെ. കളിയുടെ 65-ാം മിനിറ്റ്, വിംഗിലേക്ക് വന്ന പന്തുമായി അയാള് ബോക്സിലേക്ക് കയറി. പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് ആ പന്ത് വലയിലേക്ക് തൊടുത്തു. ഇന്ത്യന് ഫുട്ബോളിന്റെ ആകാശത്ത് സുനില് ഛേത്രിയെന്ന ഇതിഹാസം ഉദിച്ചയുര്ന്ന ആദ്യ നിമിഷം. പിന്നിടുള്ള ആറുവര്ഷങ്ങള് ഇന്ത്യൻ ഫുട്ബോളിൽ ഛേത്രി-ബൂട്ടിയ കൂട്ടുകെട്ട് വലിയ മുന്നേറ്റങ്ങൾ നടത്തി. മൂന്ന് നെഹ്റു കപ്പുകള്. സാഫ് ഗെയിംസിലും എ എഫ് സി ചാലഞ്ച് കപ്പിലും കിരീടനേട്ടം. 2011ല്, ബൂട്ടിയ ബൂട്ടഴിച്ചതോടെ, മുന്നേറ്റ നിരയില് ഛേത്രി ഒറ്റക്കായെങ്കിലും ടീമിനെ ഒപ്പംകൂട്ടി മുന്നോട്ടു കുതിച്ചു. അങ്ങനെ ഒന്നര പതിറ്റാണ് കടന്നുപോയി.
രാജ്യത്തിനായി 151 മത്സരങ്ങളില് നിന്ന് നേടിയത് 94 ഗോളുകള്. രാജ്യാന്തര തലത്തില് തന്നെ ഏറ്റവും കൂടുതല് ഗോള് നേടിയവരുടെ ലിസ്റ്റെടുത്താല് നാലാമന്. ഇപ്പോള് കളിക്കുന്നവരുടെ ലിസ്റ്റില് മൂന്നാമന്. ഛേത്രിക്ക് മുന്നിലുള്ളത് സാക്ഷാല് ക്രിസ്റ്റ്യാനോ റൊണാള്ഡോയും ലയണല് മെസ്സിയും. ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ പെലെയും മറഡോണയും പുഷ്കാസുമെല്ലാം രാജ്യത്തിനായി നേടിയ ഗോളുകളുടെ എണ്ണത്തില് ഛേത്രിക്ക് പിന്നിലാണ്. ഈ കണക്കുകള് ഛേത്രിയെന്ന കളിക്കാരനെ മാത്രമല്ല ലോകത്തിന് മുന്നില് അടയാളപ്പെടുത്തുന്നത് മറിച്ച് ഇന്ത്യന് ഫുട്ബോളിന്റെ മേല്വിലാസം കൂടിയായിരുന്നു. ഇപ്പോൾ മറ്റൊരു സുനിൽ ഛേത്രിയെ തേടിയുള്ള ഇന്ത്യൻ ഫുട്ബോളിന്റെ യാത്രകൾ തുടരുകയാണ്.