പാരിസ്: യൂറോ കപ്പ് നേട്ടത്തിന് പിന്നാലെ പാരിസിൽ ഒളിംപിക്സ് ഫുട്ബോളിലും സ്പെയിൻ രാജാക്കന്മാർ. ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് സ്പെയിൻ ഒളിംപിക്സ് ഫുട്ബോളിൽ സ്വർണം സ്വന്തമാക്കിയത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്പാനിഷ് സംഘത്തിന്റെ വിജയം. 32 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് സ്പെയ്ൻ ഒളിംപിക്സിൽ സ്വർണം നേടുന്നത്.
നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചു. മത്സരത്തിന്റെ 12–ാം മിനിറ്റിൽ ഫ്രാൻസാണ് ആദ്യം വലകുലുക്കിയത്. എൻസോ മില്ലറ്റാണ് ആദ്യ ഗോൾ നേടിയത്. 18–ാം മിനിറ്റിൽ ഫെർമിൻ ലോപ്പസ് സ്പെയ്നിനായി സമനില ഗോൾ നേടി. 26-ാം മിനിറ്റിൽ വീണ്ടും ലോപ്പസിന്റെ ഗോളിൽ സ്പെയ്ൻ മുന്നിലെത്തി. പിന്നാലെ 29–ാം മിനിറ്റിൽ അലക്സ് ബെയ്നയുടെ ഗോളിൽ സ്പാനിഷ് സംഘം ഒന്നിനെതിരെ മൂന്ന് ഗോളിന് മുന്നിലായി.
പാരിസിൽ ഇന്ത്യക്ക് ആറാം മെഡൽ; പുരുഷ ഗുസ്തിയിൽ അമൻ ഷെഹ്റാവത്തിന് വെങ്കലംരണ്ടാം പകുതിയുടെ തുടക്കത്തില് ഇരു ടീമുകളുടെ ഭാഗത്തുനിന്നും കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല. ഒടുവിൽ 80-ാം മിനിറ്റിൽ മാഗ്നസ് അക്ലിയോച്ചെയുടെ ഗോളിലാണ് ഫ്രാൻസ് മത്സരത്തിലേക്കു മടങ്ങിയെത്തിയത്. ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മറ്റേറ്റ സ്കോർ 3–3 സമനിലയിലാക്കി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. പകരക്കാരനായെത്തിയ സെർജിയോ കമേയോ 100, 120 മിനിറ്റുകളിൽ ഗോളുകൾ നേടി സ്പെയ്നിനായി ഒളിംപിക്സ് സുവർണനേട്ടം സ്വന്തമാക്കി.