കൊല്ക്കത്ത: കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കിരീടം ഉയര്ത്തുന്ന ആദ്യ ക്യാപ്റ്റനാവാന് ആഗ്രഹിക്കുന്നുവെന്ന് സ്റ്റാര് സ്ട്രൈക്കര് അഡ്രിയാന് ലൂണ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസൺ ആരംഭിക്കാനിരിക്കെ ആരാധകർ ആഗ്രഹിക്കുന്നതും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കിരീടത്തിന് വേണ്ടിയാണ്. ഇപ്പോള് പുതിയ സീസണിന് മുന്പായി തന്റെ ലക്ഷ്യങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്. എഎന്ഐയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു യുറുഗ്വായ് താരത്തിന്റെ പ്രതികരണം.
'ക്ലബ്ബിന് വേണ്ടി ഒരു കപ്പുയര്ത്തുന്ന ആദ്യത്തെ ക്യാപ്റ്റനാവണമെന്നാണ് എന്റെ ആഗ്രഹം. അത് അതിശയകരമായ കാര്യമാണ്. ബ്ലാസ്റ്റേഴ്സിന് ഒരു ട്രോഫി നേടുക എന്നത് എന്റെ വ്യക്തിപരമായ ലക്ഷ്യമാണ്. കാരണം ആ ഒരു നിമിഷത്തിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്', ലൂണ പറഞ്ഞു.
Adrian Luna 🗣️ “I want to be the first captain to lift a trophy for the club – that would be amazing. My personal goal is to get the trophy for the club because the people and fans are all waiting for this moment.” @ANI #KBFC
— KBFC XTRA (@kbfcxtra) August 12, 2024
'കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള എന്റെ നാലാം സീസണാണിത്. ഒരു ടീമെന്ന നിലയില് ആരാധകര്ക്ക് വേണ്ടി ഞങ്ങള്ക്ക് ചെയ്യാന് കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ഒരു ട്രോഫി നേടുകയെന്നത്. ക്ലബ്ബിനെയും എന്നെയും സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഒരു ട്രോഫിക്ക് വേണ്ടി ഈ ക്ലബ്ബ് 11 വര്ഷമായി കാത്തിരിക്കുകയാണ്. അതിനര്ത്ഥം വലിയ ഒരു ലക്ഷ്യമാണ് ഞങ്ങള്ക്ക് മുന്നിലുള്ളത്', അദ്ദേഹം കൂട്ടിച്ചേര്ത്തു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തില് തന്നെ ഏറ്റവും ആരാധകപിന്തുണയുള്ള വിദേശ താരങ്ങളില് ഒരാളാണ് അഡ്രിയാന് ലൂണ. 2021-22 ഐഎസ്എല് സീസണ് മുതലാണ് ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള ലൂണയുടെ യാത്ര ആരംഭിക്കുന്നത്. ക്ലബ്ബിന്റെ ചരിത്രത്തില് തന്നെ ഏറ്റവും മികച്ച മിഡ്ഫീല്ഡര്മാരില് ഒരാളായ ലൂണ മൂന്ന് സീസണില് 15 ഗോളുകളും 20 അസിസ്റ്റുകളും സ്വന്തം പേരിലെഴുതിച്ചേര്ത്തിട്ടുണ്ട്.