ലണ്ടൻ: യൂറോകപ്പിനും കോപ്പ അമേരിക്കക്കും ശേഷം ലോകം വീണ്ടും കാൽപന്ത് ആവേശങ്ങളിലേക്ക് തിരികെയെത്തുന്നു. ക്ലബ് ഫുട്ബോളിൽ ലോകത്തെ പ്രധാന ലീഗുകൾക്ക് ഇന്ന് തുടക്കമാകും. സ്പെയിനിൽ ലാലിഗ മത്സരങ്ങൾക്ക് തുടക്കം കുറിച്ചാണ് യൂറോപ്പിൽ ക്ലബ് ലീഗുകൾ സജീവക്കുന്നത്. വെള്ളിയാഴ്ച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗും ഫ്രഞ്ച് ലീഗ് വണ്ണും ആരംഭിക്കും. ശനിയാഴ്ച ഇറ്റാലിയൻ സീരീ എയും ആഗസ്റ്റ് 23 ജർമൻ ബുണ്ടസ് ലിഗയും തുടങ്ങും.
സ്പാനിഷ് ലീഗിൽ രാത്രി 10.30ന് അത്ലറ്റിക് ക്ലബും ഗെറ്റാഫെയും തമ്മിലാണ് ലാ ലിഗയിലെ ഉദ്ഘാടന മത്സരം. തുടർന്ന് ഒരുമണിക്ക് റയൽ ബെറ്റിസിനെ ജിറോണയും നേരിടും. മുൻ ചാമ്പ്യന്മാരായ ബാഴ്സലോണ ശനിയാഴ്ച്ച വലൻസിയക്കെതിരെ ആദ്യ അങ്കത്തിനിറങ്ങും. പിറ്റേന്ന് മയ്യോർക്കക്കെതിരെ റയൽ മാഡ്രിഡും സീസൺ തുടങ്ങും.
നാളെ ആരംഭിക്കുന്ന പ്രീമിയർ ലീഗിലെ ആദ്യ കളി മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും ഫുൾഹാമും തമ്മിലാണ്. പിറ്റേന്ന് ആഴ്സനൽ വോൾവ്സിനെതിരെയും ലിവർപൂൾ ഇപ്സ് വിച് ടൗണിനെതിരെയും മത്സരിക്കും. തുടർച്ചയായ അഞ്ചാം കിരീടം തേടുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ എതിരാളികൾ കരുത്തരായ ചെൽസിയാണ്. ഞായറാഴ്ച്ചയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സീസണിലെ ഈ ആദ്യ ക്ലാസിക്ക് പോരാട്ടം.
ഫ്രഞ്ച് ലീഗ് വണ്ണിൽ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിയും ലെ ഹാവ്റെയും തമ്മിലാണ് ആദ്യ കളി. ഇറ്റാലിയൻ ലീഗിൽ 17ന് സീരീ എ ജേതാക്കളായ ഇന്റർ മിലാൻ ജെനോവയെ നേരിടും. ജർമൻ ലീഗായ ബുണ്ടസ് ലീഗയിലെ ഉദ്ഘാടന മത്സരത്തിൽ 23ന് ബയെർ ലെവർകുസൻ മൊഞ്ചെൻഗ്ലാഡ്ബായെ നേരിടും.