മാഡ്രിസ്: ലാലിഗയുടെ പുതിയ സീസണിന് ഇന്ന് തുടക്കമായതിന് പിന്നാലെ ടീമിന്റെ ട്രാൻസ്ഫർ വിൻഡോ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. ട്രാൻസ്ഫർ വിന്ഡോ അടക്കാൻ ഇനിയും മൂന്ന് ആഴ്ചകളോളം ബാക്കിയുണ്ടെങ്കിലും റയൽ മാഡ്രിഡിലേക്ക് ഇനി ഒരു സൈനിങ്ങും ഉണ്ടാകില്ല എന്നാണ് പരിശീലകൻ അറിയിച്ചിരിക്കുന്നത്.
'ഞങ്ങളുടെ ടീമിന്റെ ട്രാൻസ്ഫർ മാർക്കറ്റ് അടച്ചു. ആവശ്യമായ താരങ്ങൾ നിലവിൽ ടീമിലുണ്ട്. ടീം മാനേജ്മെന്റിനോട് താൻ പുതിയ ഒരു സൈനിങ്ങും ആവശ്യപ്പെട്ടിട്ടില്ല' എന്നും ആഞ്ചലോട്ടി പറഞ്ഞു. ഫ്രാൻസിന്റെ പ്രതിരോധ താരം കാമവിംഗയ്ക്ക് പരിക്കേറ്റ സാഹചര്യത്തിൽ പ്രതിരോധ നിരയിലേക്ക് പുതിയ താരങ്ങളെ കൊണ്ട് വരാൻ റയൽ നീക്കം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. നിലവിൽ പി എസ് ജിയുടെ സൂപ്പർ താരം എംബാപ്പയെ മാത്രമാണ് ട്രാൻസ്ഫർ വിൻഡോയിൽ റയലിലേക്ക് സൈൻ ചെയ്തത്. നേരത്തെ തന്നെ സൈൻ ചെയ്ത ബ്രസീലിന്റെ അത്ഭുത ബാലൻ എൻഡ്രിക്കും ഇത്തവണ ടീമിലുണ്ട്.
അതേ സമയം യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് വിജയികളും തമ്മിൽ ഏറ്റുമുട്ടുന്ന യുവേഫ സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ചാമ്പ്യന്മാരായിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ യൂറോപ്പ ലീഗ് ജേതാക്കളായ അത്ലാന്റ എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. സ്പാനിഷ് ക്ലബിനായി ആദ്യ ഇലവനിൽ തന്നെ അരങ്ങേറ്റം കുറിച്ച കിലിയൻ എംബാപ്പെ ഗോൾ നേടുകയും ചെയ്തിരുന്നു.
യുവേഫ സൂപ്പർ കപ്പ്; റയൽ മാഡ്രിഡ് ചാമ്പ്യന്മാർ