പാരിസ്: ലാ ലീഗയില്‍ ബാഴ്സലോണയ്ക്ക് വിജയത്തുടക്കം. വലന്‍സിയയ്ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സയുടെ വിജയം. ഇരട്ടഗോളുമായി തിളങ്ങിയ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് ബാഴ്സയ്ക്ക് വിജയം സമ്മാനിച്ചത്. പുതിയ കോച്ച് ഹാന്‍സി ഫ്ളിക്കിന് കീഴിലുള്ള ബാഴ്സയുടെ ആദ്യ വിജയമാണിത്.
First game ✅
— FC Barcelona (@FCBarcelona) August 17, 2024
First win ✅ pic.twitter.com/KOQE34KRJN
വലന്‍സിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റെല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബാഴ്സ തിരിച്ചടിച്ചത്. 44-ാം മിനിറ്റില്‍ ഹ്യൂഗോ ഡ്യുറോയിലൂടെ വലന്‍സിയ മുന്നിലെത്തി. ആദ്യ പകുതിക്ക് പിരിയുന്നതിന് മുന്‍പുതന്നെ ലെവന്‍ഡോവ്സ്കി ബാഴ്സയെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കിയാണ് ബാഴ്സ ഇറങ്ങിയത്. അതിന്റെ ഫലമായി 49-ാം മിനിറ്റില്‍ ബാഴ്സ ലീഡെടുത്തു. ബാഴ്സയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലെവന്‍ഡോവ്സ്കി വിജയഗോള്‍ നേടി.