ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയത്തുടക്കം. ചെൽസിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് സിറ്റി കിരീടപ്പോരാട്ടം ആരംഭിച്ചത്. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ എർലിങ് ഹാലണ്ടും കൊവാസിച്ചും സിറ്റിക്ക് വേണ്ടി ലക്ഷ്യം കണ്ടു.
FULL-TIME | An opening day win at Stamford Bridge! 💪
— Manchester City (@ManCity) August 18, 2024
🔵 0-2 🩵 #ManCity | @okx pic.twitter.com/wxtEoniXkb
പരാജയം വഴങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാർക്കെതിരെ മികച്ച പ്രകടനം നടത്താൻ ചെൽസിക്ക് സാധിച്ചു. എന്നാൽ നന്നായി തുടങ്ങിയ സിറ്റി മത്സരത്തിന്റെ 18-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ബെർണാഡോ സിൽവയുടെ പാസ് സ്വീകരിച്ച ഹാലണ്ട് ചെൽസി പ്രതിരോധത്തെ കീറിമുറിച്ചാണ് പന്ത് വലയിലെത്തിച്ചത്. ഗോൾ വഴങ്ങിയതോടെ ചെൽസി ഉണർന്നു കളിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.
രണ്ടാം പകുതിയിൽ ഇരുഭാഗത്തുനിന്നും ആക്രമണം കാണാനായി. 84-ാം മിനിറ്റിൽ സിറ്റി രണ്ടാം ഗോളും നേടി. മുൻ ചെൽസി താരം കൂടിയായ കൊവാസിച്ചാണ് സിറ്റിയുടെ സ്കോർ ഇരട്ടിയാക്കിയത്. കൊവാസിച്ചിന്റെ കിടിലൻ സ്ട്രൈക്ക് ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസിനെ മറികടന്ന് വലകുലുക്കി. ഇതോടെ സിറ്റി വിജയമുറപ്പിച്ചു.