റൊണാള്ഡോ യൂറോപ്പിലേക്ക് മടങ്ങിയെത്തണം: നിർദേശവുമായി മുന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ മുന് കോച്ചായിരുന്ന റെനെ കേരള ബ്ലാസ്റ്റേഴ്സിന്റെയും മുന് കോച്ചായിരുന്നു

dot image

സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയോട് യൂറോപ്യന് ലീഗുകളിലേക്ക് മടങ്ങിവരാന് നിര്ദേശിച്ച് പരിശീലകന് റെനെ മ്യൂളന്സ്റ്റീന്. സൗദി ലീഗ് അവസാനിപ്പിച്ച് യൂറോപ്പിലെത്തി അവിടെ നിന്ന് വിരമിക്കുന്നതായിരിക്കും താരത്തിന് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. മാഞ്ചസ്റ്റര് യുണൈറ്റഡിന്റെ മുന് കോച്ചായിരുന്ന റെനെ കേരള ബ്ലാസ്റ്റേഴ്സിന്റെയും മുന് കോച്ചായിരുന്നു.

'ക്രിസ്റ്റ്യാനോ റൊണാള്ഡോ യൂറോപ്പിലേക്ക് മടങ്ങിയെത്തുകയും അവിടെ വെച്ച് കരിയര് അവസാനിപ്പിക്കുകയും ചെയ്താല് മനോഹരമായിരിക്കും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു', റെനെ മ്യുളന്സ്റ്റീന് പറഞ്ഞു.

'അദ്ദേഹം യൂറോപ്പിലേക്ക് മടങ്ങിവരണമെന്ന് പറയുന്നതിന് പിന്നില് ഒരുപാട് കാരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ പഴയ പോര്ച്ചുഗീസ് ക്ലബ്ബായ സ്പോര്ട്ടിങ്ങിലേക്ക് തന്നെ മടങ്ങിയെത്തുന്നതായിരിക്കും വളരെ നല്ലത്. റൊണാള്ഡോ എന്നാണ് ഫുട്ബോളില് നിന്ന് വിരമിക്കുകയെന്നത് കാത്തിരുന്നുതന്നെ കാണണം', റെനെ മ്യുളന്സ്റ്റീന് കൂട്ടിച്ചേര്ത്തു.

സൗദി പ്രോ ലീഗില് അല് നസര് ക്ലബ്ബിന് വേണ്ടിയാണ് റൊണാള്ഡോ കളിക്കുന്നത്. സൂപ്പര് കപ്പ് ഫൈനലില് മികച്ച പ്രകടനം പുറത്തെടുക്കാന് റൊണാള്ഡോയ്ക്ക് സാധിച്ചിരുന്നില്ല. അല് ഹിലാലിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് അല് നസര് പരാജയം വഴങ്ങുകയും ചെയ്തു. മത്സരത്തിനിടെ കളിക്കളത്തില് സഹതാരങ്ങളോട് റൊണാള്ഡോ ദേഷ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു.

റൊണാള്ഡോയുടെ ഗോളില് അല് നസര് മുന്നിലെത്തുകയും ചെയ്തിരുന്നു. എന്നാല് രണ്ടാം പകുതിയില് അല് ഹിലാലിന്റെ ഗംഭീര തിരിച്ചുവരവാണ് കണ്ടത്. 17 മിനിറ്റിനുള്ളില് നാല് ഗോളുകള് തിരിച്ചടിച്ചാണ് അല് ഹിലാല് വിജയം പിടിച്ചെടുത്തത്.

നാലാമതും ഗോള് വഴങ്ങേണ്ടിവന്നതോടെയാണ് റൊണാള്ഡോ നിരാശ പ്രകടിപ്പിച്ചത്. തുടര്ച്ചയായുള്ള ഗോളുകളില് ദേഷ്യപ്പെട്ടുകൊണ്ട് നിങ്ങള് ഉറങ്ങുകയാണോയെന്ന് റൊണാള്ഡോ സഹതാരങ്ങളോട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. മത്സരത്തിനിടെ റൊണാള്ഡോ അശ്ലീല ആംഗ്യം കാണിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു. റൊണാള്ഡോയുടെ മോശം പെരുമാറ്റത്തിനെതിരെ വിമര്ശനങ്ങള് ഉയരുകയും ചെയ്തു.

ഇത് ആദ്യമായല്ല റൊണാള്ഡോ ഗ്രൗണ്ടില് വിവാദ ആംഗ്യങ്ങള് കാണിക്കുന്നത്. ആരാധകര്ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില് സൗദി പ്രോ ലീഗില് നിന്ന് റൊണാള്ഡോയ്ക്ക് സസ്പെന്ഷന് ലഭിച്ചിരുന്നു. റൊണാള്ഡോയുടെ പെരുമാറ്റത്തെ പിന്നീട് മുന് കളിക്കാരും കമന്റേറ്റര്മാരും വിമര്ശിച്ചിരുന്നു. താന് കാണിച്ചത് യൂറോപ്പില് വിജയത്തിന്റെ ഒരു ആംഗ്യമാണെന്നും അവിടെ സാധാരണമാണെന്നും വാദിച്ച് റൊണാള്ഡോ രംഗത്തെത്തുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image