ഡ്യുറൻഡ് കപ്പിന്റെ 133-ാം പതിപ്പിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചാംപ്യന്മാർ. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചു. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനാണ് നോർത്ത് ഈസ്റ്റ് വിജയം സ്വന്തമാക്കിയത്. ഇതാദ്യമായാണ് നോർത്ത് ഈസ്റ്റ് ഒരു കിരീടം സ്വന്തമാക്കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ മോഹൻ ബഗാന്റെ ആധിപത്യമായിരുന്നു കണ്ടത്. 11-ാം മിനിറ്റിൽ തന്നെ ബഗാൻ മുന്നിലെത്തി. മലയാളി താരം സഹൽ അബ്ദുൾ സമദിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ജേസൺ കമ്മിംഗ്സ് വലയിലാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ബഗാൻ ലീഡ് വീണ്ടും ഉയർത്തി. ലിസ്റ്റണ് കൊളാസോയുടെ അസിസ്റ്റിൽ മലയാളി താരം സഹൽ അബ്ദുൾ സമദാണ് പന്ത് വലയിലാക്കിയത്.
അനായാസ വിജയം സ്വപ്നം കണ്ട മോഹൻ ബഗാന് രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കനത്ത തിരിച്ചടിയാണ് നൽകിയത്. മോഹൻ ബഗാൻ ഗോൾപോസ്റ്റിന് മുന്നിൽ തുടർച്ചയായി അപകടം സൃഷ്ടിച്ചുകൊണ്ടിരുന്ന ജിതിൻ എം എസ് നൽകിയ പാസ് അലാഡിൻ അജറൈ നോർത്ത് ഈസ്റ്റിനായി ആദ്യ ഗോൾ നേടി.
ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിലും പാകിസ്താന് തകർച്ച; ഒന്നാം ഇന്നിംഗ്സിൽ 274ന് പുറത്ത്55-ാം മിനിറ്റിലാണ് നോർത്ത് ഈസ്റ്റ് ആദ്യ ഗോൾ തിരിച്ചടിച്ചത്. മിനിറ്റുകൾക്കുള്ളിൽ നോർത്ത് ഈസ്റ്റ് ഒപ്പമെത്തി. 58-ാം മിനിറ്റിൽ ഗില്ലെർമോ ഫെർണാണ്ടസിന്റെ തകർപ്പൻ ഫിനിഷാണ് ഗോളിന് വഴിയൊരുക്കിയത്. അവസാന 30 മിനിറ്റിൽ ഇരുടീമുകളും വിജയത്തിനായി കടുത്ത പോരാട്ടം കാഴ്ചവെച്ചു. എന്നാൽ ആർക്കും ഗോൾ നേടാൻ കഴിയാതെ വന്നതോടെ മത്സരം നിശ്ചിത സമയത്ത് 2-2 എന്ന് സമനിലയിൽ അവസാനിച്ചു. പിന്നാലെ വിജയിയെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടു.