ട്രാന്സ്ഫര് വിപണി ചൂടുപിടിക്കുന്നു; പ്രീതം കോട്ടാല് കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കും

കഴിഞ്ഞ സീസണിലാണ് പ്രീതം ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലെത്തിയത്

dot image

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള ട്രാന്സ്ഫര് വാര്ത്തകളാണ് വീണ്ടും ചൂടുപിടിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ വെറ്ററന് ഡിഫന്ഡര് പ്രീതം കോട്ടാല് ക്ലബ്ബ് വിടുമെന്നാണ് ഇപ്പോള് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. പ്രീതത്തെ നിലനിര്ത്താന് ക്ലബ്ബ് തയ്യാറാവില്ല എന്നാണ് സൂചന. പ്രീതം കോട്ടാലിന്റെ മുന് ക്ലബ്ബായ മോഹന് ബഗാന് സൂപ്പര് ജയന്റ്സിലേക്ക് തന്നെയാണ് താരം കൂടുമാറുന്നതെന്നാണ് കരുതപ്പെടുന്നത്.

പ്രീതം കോട്ടാലിന് വേണ്ടി മോഹന് ബഗാന് സജീവമായി ട്രാന്സ്ഫര് രംഗത്തുണ്ട്. ഒരു സ്വാപ്പ് ഡീലിലൂടെയായിരിക്കും താരം മുന് ക്ലബ്ബിലേക്ക് ചേക്കേറുക. അതേസമയം സൂപ്പര് താരം ദീപക് ടാംഗ്രിയുമായുള്ള കരാര് മോഹന് ബഗാന് അവസാനിപ്പിച്ചെന്ന വാര്ത്തകളും പുറത്തുവരുന്നുണ്ട്. പ്രീതത്തിന് പകരം ദീപക്കിനെ ബ്ലാസ്റ്റേഴ്സിന് നല്കിയുള്ള സ്വാപ്പ് ഡീലിനായിരിക്കും മോഹന് ബഗാന് ഒരുങ്ങുക. ഇതുമായി ബന്ധപ്പെട്ട് കൂടുതല് വിവരങ്ങള് ഉടന് പുറത്തുവരും.

കഴിഞ്ഞ സീസണിലാണ് പ്രീതം ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലെത്തിയത്. മോഹന് ബഗാന് വേണ്ടി ഡിഫന്സില് മിന്നും പ്രകടനം പുറത്തെടുത്ത പ്രീതത്തിന് മഞ്ഞക്കുപ്പായത്തില് അത്ര കണ്ട് തിളങ്ങാനായിരുന്നില്ല. 19 മത്സരങ്ങളില് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളത്തിലിറങ്ങിയ പ്രീതത്തിന്റെ വീഴ്ചകള് പലപ്പോഴും ബ്ലാസ്റ്റേഴ്സിന് ഗോള് വഴങ്ങുന്നതിന് കാരണമായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11-ാം പതിപ്പിന് സെപ്റ്റംബർ 13നാണ് തുടക്കമാവുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും തമ്മിൽ കൊൽക്കത്തയിലാണ് ഉദ്ഘാടന മത്സരം.

സെപ്റ്റംബർ 15നാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിനിറങ്ങുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

നേരത്തെ ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായിരുന്നു. ക്വാർട്ടർ ഫൈനലിൽ ബെംഗളൂരു എഫ് സി എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. 

dot image
To advertise here,contact us
dot image