ലൂയിസ് സുവാരസ്.., 17 വര്ഷം നീണ്ട അന്താരാഷ്ട്ര ഫുട്ബോള് കരിയറിന് സുവാരസ് വിരാമം കുറിക്കുകയാണ്. സെപ്റ്റംബര് ഏഴിന് പരാഗ്വെയ്ക്കെതിരെ നടക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ യോഗ്യതാ മത്സരത്തില് സുവാരസ് അവസാനമായി തന്റെ രാജ്യത്തിനായി ബൂട്ട് കെട്ടും. എതിരാളിയുടെ പ്രതിരോധ കോട്ടകള് തകര്ത്ത് ഗോള് നേടിയ ശേഷം ബാന്ഡേജ് കെട്ടിയ വലത് കൈപ്പത്തിയെ ചുംബിക്കുന്ന സുവാരസിനെ ഫുട്ബോള് ആരാധകര്ക്ക് മറക്കാന് കഴിയില്ല. ഇംഗ്ലീഷ് ഫുട്ബോള് ക്ലബ് ലിവര്പൂളില് കളിക്കുന്ന കാലത്ത് കയ്യില് പരിക്കേറ്റതിന് ശേഷമാണ് സുവാരസിന്റെ വലതുകൈയ്യില് ബാന്ഡേജ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പരിക്കില് നിന്ന് മുക്തനായെങ്കിലും സുവാരസ് ബാന്ഡേജ് അഴിച്ചുമാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
2007ല് അന്താരാഷ്ട്ര ഫുട്ബോളിലേക്ക് കടന്നുവന്ന താരം. നെതര്ലാന്ഡ്സ് ക്ലബ് അയാക്സ് എഫ് സിയിലൂടെ സുവാരസിനെ ലോകമറിഞ്ഞു. 2011ല് 16 വര്ഷത്തിന്റെ ശേഷം ഉറുഗ്വേ കോപ്പ അമേരിക്ക കിരീടത്തില് മുത്തമിട്ടു. ഡിയാഗോ ഫോര്ലാന്, ലൂയിസ് സുവാരസ്, എഡിസന് കവാനി, ഡീഗോ ഗോഡിന് തുടങ്ങിയവര് ഉള്പ്പെട്ട സുവര്ണ തലമുറ അന്ന് ഉറുഗ്വേ ഫുട്ബോളിന്റെ ഭാഗമായിരുന്നു. രാജ്യത്തിനായി 142 മത്സരങ്ങളില് നിന്ന് 69 ഗോളുകള്. ലിവര്പൂള്, ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ ക്ലബുകളുടെ മുന്നിരയിലെ നിര്ണായക സാന്നിധ്യമായിരുന്ന താരം. ഒരു യുഗത്തിന്റെ അവസാനമാണ് ലോകഫുട്ബോളില് സംഭവിക്കാനൊരുങ്ങുന്നത്.
ഇതിഹാസ സമാന കരിയര് മാത്രമല്ല ചിലപ്പോഴൊക്കെ കളിക്കളത്തിലെ സ്വഭാവദൂഷ്യംകൊണ്ടും സുവാരസ് വാര്ത്തകളില് നിറഞ്ഞു. 2010ലെ ലോകകപ്പിന്റെ ക്വാര്ട്ടറില് ഘാനയ്ക്കെതിരായ മത്സരത്തില് സുവാരസ് ഒരു ഗോള്ലൈന് സേവ് നടത്തി. ഘാന താരത്തിന്റെ ഗോള് തടയാനായി ശ്രമിച്ച സുവാരസിന്റെ കയ്യില് പന്ത് തട്ടി. ഘാനയ്ക്ക് അനുകൂലമായി പെനാല്റ്റി അനുവദിച്ചെങ്കിലും അസമോവ ഗ്യാന് അവസരം പാഴാക്കി. മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. അവിടെ ഉറുഗ്വേയ്ക്കായിരുന്നു വിജയം. ടൂര്ണമെന്റിന്റെ സേവെന്നായിരുന്നു സുവാരസ് ഇതിനെ വിശേഷിപ്പിച്ചത്.
2011 മുതലാണ് സുവാരസ് ഇംഗ്ലീഷ് ഫുട്ബോള് ക്ലബായ ലിവര്പൂളിന്റെ ഭാഗമായത്. എന്നാല് മാഞ്ചസ്റ്റര് യുണൈറ്റഡിനെതിരായ ഒരു മത്സരത്തിനിടെ ഫ്രാന്സ് താരം പാട്രിക് എവ്റയെ സുവാരസ് വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപണം ഉയര്ന്നു. എട്ട് മത്സരത്തില് നിന്ന് സുവാരസിന് വിലക്ക് ലഭിച്ചു. ലിവര്പൂള് കടുത്ത നടപടിയിലേക്ക് നീങ്ങാതിരുന്നത് സുവാരസിന്റെ കരിയറിന് രക്ഷയായി.
2013-14 സീസണിലെ ഇംഗ്ലീഷ് പ്രീമിയര് ലീഗില് അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് സുവാരസ് നടത്തിയത്. സീസണില് 31 ഗോളുകളുമായി ഗോള്ഡന് ബൂട്ട് സ്വന്തമാക്കി. എന്നാല് സീസണിലെ അവസാന മത്സരത്തില് ക്രിസ്റ്റല് പാലസിനോട് സമനില വഴങ്ങിയ ലിവര്പൂളിന് രണ്ട് പോയിന്റ് അകലെ കിരീടം നഷ്ടമായി. സുവാരസ് കരഞ്ഞുകൊണ്ട് കളം വിട്ടു.
2014ലെ ലോകകപ്പിലും സുവാരസ് വിവാദങ്ങളില് നിറഞ്ഞു. ഇറ്റാലിയന് താരം ജോര്ജിയോ ചെല്ലിനിയെ കടിച്ചതിന് സുവാരസ് 10 മത്സരങ്ങളില് നിന്ന് വിലക്ക് നേരിട്ടു. മുമ്പ് അയാക്സില് കളിക്കുമ്പോള് ചെല്സിയുടെ ബ്രാനിസ്ലാവ് ഇവാനോവിച്ചിനെതിരെയും സുവാരസ് സമാന ആക്രമണം നടത്തിയിരുന്നു.
2014ലെ ലോകകപ്പിന് ശേഷം സുവാരസ് സ്പാനിഷ് ക്ലബ് ബാഴ്സലോണയിലെത്തി. ലയണല് മെസ്സി-ലൂയിസ് സുവാരസ്-നെയ്മര് ജൂനിയര് എന്നിവരുടെ ത്രയം ബാഴ്സയില് രൂപപ്പെട്ടു. ഇവര് എംഎസ്എന് എന്ന ചുരുക്കപ്പേരില് ലോകഫുട്ബോളില് അറിയപ്പെട്ടു. ലോകത്തെവിടെ കളിച്ചും ബാഴ്സ സംഘം വിജയങ്ങള് നേടി. 2021ല് ബാഴ്സലോണ വിട്ട് സുവാരസ് അത്ലറ്റികോ മാഡ്രിഡിലേക്കെത്തി.
2010ലെ ലോകകപ്പിന്റെ സെമിയില് നെതര്ലാന്ഡ്സിനോട് പരാജയപ്പെട്ടാണ് ഉറുഗ്വേ പുറത്തായത്. 2014ലും 2018ലും ക്വാര്ട്ടറില് പുറത്തായി. 2022ലെ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില് തന്നെ ഉറുഗ്വേ നാട്ടിലേക്ക് മടക്ക ടിക്കറ്റെടുത്തു. 2024ലെ കോപ്പ അമേരിക്കയിലാണ് സുവാരസ് അവസാനമായി ഉറുഗ്വേ ടീമില് കളിച്ചത്. എന്നാല് ഏതാനും മിനിറ്റുകള് മാത്രമാണ് താരം കളത്തിലിറങ്ങിയത്.
2023ല് ലയണല് മെസ്സി അമേരിക്കന് ക്ലബായ ഇന്റര് മയാമിയിലെത്തി. ഡേവിഡ് ബെക്കാമിനോടുള്ള സൗഹൃദമാണ് മെസ്സിയെ മയാമിയില് എത്തിച്ചത്. പിന്നാലെ മെസ്സിയുമായുള്ള സൗഹൃദത്തില് ലൂയിസ് സുവാരസും അമേരിക്കന് ക്ലബിലേക്കെത്തി. കാല്മുട്ടിന്റെ പരിക്കിനെ അവഗണിച്ചാണ് സുവാരസ് മയാമിയില് കളിതുടരുന്നത്. ഒരുപക്ഷേ ഇരുവരും ഒരു ദിവസം മയാമിയില് വെച്ച് ഫുട്ബോള് കരിയറിന് വിരാമമിട്ടേക്കും. മയാമിയാവും ഫുട്ബോള് ജീവിതത്തിലെ അവസാന ക്ലബെന്ന് രണ്ട് പേരും നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ആ ദിവസം ലോകഫുട്ബോളിനെ ആസ്വദിച്ച ആരാധകര് നിരാശയുടെ പടുകുഴിയിലേക്ക് വീഴും.