അർജന്റീനൻ ടീമിൽ നമ്പർ 10, നമ്പർ 11 ജഴ്സി ആര് ധരിക്കും?; വ്യക്തത വരുത്തി ലിയോണൽ സ്കലോണി

മുമ്പൊരിക്കൽ ലയണൽ മെസ്സി വിരമിക്കുന്നതിനൊപ്പം നമ്പർ 10 ജഴ്സിയും വിരമിക്കുമെന്ന് അർജന്റീനൻ ഫുട്ബോൾ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു

dot image

അർജന്റീനൻ ഫുട്ബോൾ ടീമിൽ നമ്പർ 10, നമ്പർ 11 ജഴ്സികൾ ആര് ധരിക്കുമെന്ന കാര്യത്തിൽ പ്രതികരണവുമായി പരിശീലകൻ ലിയോണൽ സ്കലോണി. 2026 ഫിഫ ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് മത്സരത്തിൽ അർജന്റീന നാളെ ചിലിയെ നേരിടാനിരിക്കെയാണ് സ്കലോണി ജഴ്സി നമ്പറിനെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിട്ടത്. 'ജഴ്സി നമ്പർ 10ന് ഇപ്പോൾ ഒരു ഉടമസ്ഥനുണ്ട്. അയാളുടെ അഭാവത്തിൽ ആ നമ്പറിൽ എയ്ഞ്ചല് കൊറയ കളിക്കും. മറ്റ് താരങ്ങൾക്കും ഈ നമ്പർ നൽകും. ഇതൊരു പ്രശ്നമല്ല. നമ്പർ 11 ജഴ്സിക്ക് ഇപ്പോൾ ഒരു ഉടമസ്ഥനില്ല. ഈ നമ്പർ ആര് ധരിക്കുമെന്ന് പിന്നീട് തീരുമാനിക്കും', സ്കലോണി പ്രതികരിച്ചു.

നമ്പർ 10 ജഴ്സിയുടെ ഇപ്പോഴത്തെ ഉടമസ്ഥൻ ഇതിഹാസ താരം ലയണൽ മെസ്സിയാണ്. എന്നാൽ കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റ ലയണൽ മെസ്സി കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. നാളെ നടക്കുന്ന ചിലിക്കെതിരായ മത്സരത്തിലും മെസ്സി കളിക്കില്ല. ഇതോടെയാണ് നമ്പർ 10 ജഴ്സിയുടെ കാര്യം ചർച്ചയായത്. മുമ്പൊരിക്കൽ ലയണൽ മെസ്സി വിരമിക്കുന്നതിനൊപ്പം നമ്പർ 10 ജഴ്സിയും വിരമിക്കുമെന്ന് അർജന്റീനൻ ഫുട്ബോൾ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോപ്പ അമേരിക്കയ്ക്ക് പിന്നാലെ അർജന്റീനൻ ടീമിൽ നിന്ന് വിരമിച്ച എയ്ഞ്ചൽ ഡി മരിയ ആയിരുന്നു നമ്പർ 11 ജഴ്സിയുടെ ഉടമസ്ഥൻ.

മെസ്സിയും റൊണാൾഡോയും ഇല്ലാതെ ബലോൻ ദ് ഓർ നാമനിർദ്ദേശം; ചുരുക്കപട്ടികയിൽ 30 പേർ

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിച്ച ആറിൽ അഞ്ച് മത്സരങ്ങളും വിജയിച്ച അർജന്റീനയ്ക്ക് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ലക്ഷ്യം. രണ്ട് വർഷത്തിന് ശേഷമാണ് മെസ്സിയില്ലാതെ അർജന്റീനൻ ടീം കളത്തിലിറങ്ങുന്നത്. മത്സരത്തിൽ നിക്കോളാസ് ഒട്ടമെൻഡി അർജന്റീനയുടെ ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞേക്കും. സെപ്റ്റംബർ 11ന് കൊളംബിയയ്ക്കെതിരെയാണ് ലോകചാമ്പ്യന്മാരുടെ മറ്റൊരു മത്സരം.

dot image
To advertise here,contact us
dot image