സീസണിലെ ആദ്യടൂർണമെന്റിൽ തന്നെ ഗോകുലം എഫ് സിയ്ക്ക് വിജയത്തുടക്കം. 2024 ലെ ക്ലൈമറ്റ് കപ്പിൽ ജെ ആൻഡ് കെ ബാങ്ക് ടീമിനെതിരെ 4- 0 ത്തിന്റെ മിന്നും വിജയമാണ് സ്പിറ്റക് ലെഹ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോകുലം എഫ് സി കരസ്ഥമാക്കിയത്. സമുദ്രനിരപ്പിൽ നിന്നും 11000 അടി മുകളിൽ നടന്ന ഫൈനലിൽ മികച്ച പന്തടക്കത്തോടെയും പ്രതിഭയ്ക്കൊത്ത പ്രകടനത്തോടെയും ഗോകുലം എഫ് സി എതിരാളികളെ തകർത്തുവിടുകയായിരുന്നു.
ഇരുപത്തിമൂന്നാം മിനിറ്റിലാണ് ഗോകുലം എഫ് സി തങ്ങളുടെ ഗോളടിയ്ക്ക് തുടക്കമിട്ടത്. ഡിഫന്ററായ മഷൂറിന്റെ ബുള്ളറ്റ് ഷോട്ട് എതിർടീമിന്റെ ഗോൾ വല ഭേദിക്കുകയായിരുന്നു. മുപ്പത്തിനാലാം മിനിറ്റിൽ പിറന്ന സെൽഫ് ഗോളോടെ ഹാഫ് ടൈമിന്റെ സമയത്ത് ഗോകുലം എഫ് സി 2- 0 ത്തിന് മുന്നിലെത്തി.
സെക്കൻഡ് ഹാഫിലും ഗോകുലം എഫ് സി തങ്ങളുടെം മേധാവിത്വം തുടരുന്ന കാഴ്ചയാണ് കണ്ടത്. നാൽപത്തിആറാമത്തെ മിനിറ്റിൽ താർപ്പുയിയയുടെ ഗോളോടെ 3- 0 ലീഡ് സ്വന്തമാക്കിയ ടീം പിന്നീട് മത്സരത്തിന്റെ അവസാനമിനിറ്റുകളിൽ ഒരിക്കൽ കൂടി ലക്ഷ്യം കണ്ടു. എൺപത്തി ഏഴാം മിനിറ്റിൽ ഒരു ലോംഗ് റേഞ്ചറിലൂടെ വാസിം ആണ് ഇത്തവണ ലക്ഷ്യം കണ്ടത്. സ്കോർ 4- 0. മികച്ച പ്രകടനം കാഴ്ചവെച്ച മഷൂറാണ് മത്സരത്തിലെ പ്ലേയർ ഓഫ് ദി മാച്ച്.
ഗോകുലം എഫ് സിയുടെ ആദ്യത്തെ ക്ലൈമറ്റ് കപ്പ് കൂടിയാണിത്. സെപ്തംബർ 1 നാണ് ടൂർണമെന്റ് തുടങ്ങിയത്. ആദ്യമത്സരത്തിൽ സ്കാൽസാൻഗ്ലിങ്ങിനെ 8- 0 ത്തിനു തോൽപിച്ചായിരുന്നു ഗോകുലം എഫ് സിയുടെ ടൂർണമെന്റിലെ സ്വപ്നസമാന തുടക്കം. പിന്നീട് ജെ ആൻഡ് കെ ബാങ്ക് ടീമിനെ 2- 0 ത്തിന് തോൽപിക്കുകയും ലഡാക്ക് എഫ് സിയെ സെമി ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 4- 2 ന് പരാജയപ്പെടുത്തുകയുമായിരുന്നു.