ഗൃഹാതുരതകളുടെ വേലിയേറ്റം സൃഷ്ടിച്ച് വെയ്ൻ റൂണി ഒരിക്കൽ കൂടി ചുവന്ന കുപ്പായത്തിൽ ഇറങ്ങിയപ്പോൾ ഗ്രൗണ്ടിൽ സാധ്യമായത് മാഞ്ചസ്റ്റർ ആരാധകർ നെഞ്ചോട് ചേർത്തുള്ള കളിഓർമകളുടെ ഒരിക്കൽ കൂടിയുള്ള തിരിച്ചുവരവ് കൂടിയായിരുന്നു. ടൈം മെഷീനിലേറി 2000 ങ്ങളിലേക്ക് യാത്ര ചെയ്ത പ്രതീതി. ആ ആവേശഓർമകൾക്ക് ഹരം പകരാൻ എതിർ ഗോൾ വലയിലേക്ക് തുളഞ്ഞുകയറുന്ന ചടുലമായ ഫ്രീ കിക്ക് ഗോളുമായി റൂണി കളം വാഴുകയും ചെയ്തു.
Y un día, Wayne Rooney volvió a convertir en Old Trafford.
— Pablo Giralt (@giraltpablo) September 7, 2024
Como si el tiempo no hubiera pasado 🤩🥹pic.twitter.com/67bU6M4GTn
സെൽറ്റിക്കുമായുള്ള ഒരു ചാരിറ്റി മാച്ചിലാണ് റൂണി മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ കളിക്കാനിറങ്ങിയത്. ഓൾഡ് ട്രാഫോർഡ് മൈതാനത്തിൽ കളി കാണാനെത്തിയവരെ തന്റെ പ്രതാപകാലമോർമിപ്പിച്ച് വെറ്ററൻസ് മാച്ചിൽ റൂണി അക്ഷരാർഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു. താൻ ചുവന്ന ചെകുത്താൻമാരുടെ ജഴ്സിയിൽ രണ്ട് പതിറ്റാണ്ട് മുമ്പ് എങ്ങനെയാണോ കളിച്ചിരുന്നത് അതേ ഡ്രിബ്ളിങ്ങുകളും ചടുതലതയുമല്ലാം ഒരിക്കൽ കൂടി ഗ്രൗണ്ടിൽ വിരിഞ്ഞു. പ്രഫഷനൽ ഫുട്ബോളിൽ നിന്ന് വിരമിച്ച് വർഷങ്ങളായെങ്കിലും റൂണിയുടെ ചെങ്കുപ്പായത്തിലെ ഫ്രീ കിക്ക് ഗോൾ ഇപ്പോൾ ആരാധകർ കൊണ്ടാടുകയാണ് സോഷ്യൽ മീഡിയയിൽ.
മത്സരത്തിൽ റൂണിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സെൽറ്റിക് ലെജൻഡ്സ് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയെങ്കിലും റൂണിയുടെ പ്രീകിക്ക് ഗോൾ നിമിഷനേരം കൊണ്ടാണ് വൈറലായത്.
നിലവിൽ പ്ലൈമൗത്ത് ആർഗയിൽ ഫുട്ബോൾ ക്ലബിന്റെ കോച്ചാണ് ഇംഗ്ലീഷ് ഫുട്ബോളിലെ ഒരു കാലത്തെ വണ്ടർ കിഡ് ആയ വെയ്ൻ റൂണി. 2021 ലാണ് അദ്ദേഹം പ്രഫഷനൽ ഫുട്ബോളിൽ നിന്ന് വിരമിച്ചത്. 2018 ലായിരുന്നു റൂണി ഇംഗ്ലീഷ് പ്രിമിയർ ലീഗ് വിട്ടത്. എവർട്ടൻ വിട്ടതിനു ശേഷം അദ്ദേഹം മേജർ ലീഗ് കളിക്കാൻ അമേരിക്കയിലേക്ക് ചേക്കേറുകയായിരുന്നു.
യുണൈറ്റഡിന്റെ ജഴ്സിയിൽ 2004 മുതൽ 2017 വരെ കളിച്ച താരമാണ് റൂണി. അവരുടെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായിട്ടാണ് റൂണി കണക്കാക്കപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിരുന്ന കാലത്ത് റൂണി 16 ട്രോഫികൾ അവർക്കായി നേടിക്കൊടുത്തിരുന്നു. അതിൽ 5 പ്രിമിയർ ലീഗ് കിരീടവും ഉൾപ്പെടും.