കൊച്ചി: ടീമിലേക്കെത്തിക്കാൻ അവസരമുണ്ടായിട്ടും ഇറ്റലിയുടെ മുന് സ്ട്രൈക്കര് മരിയോ ബലോട്ടെല്ലിയെ ടീമിലെടുക്കാതെ കേരള ബ്ലാസ്റ്റേഴ്സ്. ഫ്രീ ഏജന്റായ താരത്തെ ട്രാന്സ്ഫര് വിന്ഡോയില് ബ്ലാസ്റ്റേഴ്സിന് കൂടാരത്തിലെത്തിക്കാമായിരുന്നു. താരവും ക്ലബിൽ കളിക്കാൻ താല്പര്യം അറിയിച്ചിരുന്നു. എന്നാല് താരത്തിന്റെ നിലവിലെ ഫോം, കളിക്കളത്തിലെ പെരുമാറ്റങ്ങള്, നേരിട്ട അച്ചടക്കനടപടികള് എന്നിവ പരിഗണിച്ച് ടീമിലെടുക്കുന്നതില് നിന്ന് ബ്ലാസ്റ്റേഴ്സ് പിന്വാങ്ങിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നത്. 34-കാരനായ ഇറ്റാലിയന് താരം മാഞ്ചസ്റ്റര് സിറ്റി, ലിവര്പൂള് ടീമുകള്ക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.
താരം അവസാനമായി ബൂട്ടണിഞ്ഞത് തുര്ക്കിഷ് ക്ലബ്ബ് അദാന ഡെമിസ്പോറിന് വേണ്ടിയാണ്. ഫ്രീ ഏജന്റായ താരത്തെ ബ്ലാസ്റ്റേഴ്സിന് പുതിയ സീസണിലെ ടീമിൻ്റെ പ്രധാന സ്ട്രൈക്കറാക്കി മാറ്റാമായിരുന്നു. എന്നാല് കരിയറില് വിവാദങ്ങളുടെ തോഴനായി മാറിയ ഇറ്റാലിയന് സ്ട്രൈക്കറെ ടീമിലെടുക്കേണ്ടെന്ന നിലപാടിലാണ് ടീം എത്തിച്ചേര്ന്നത്. പ്രധാനമായും രണ്ട് ഘടകങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. താരത്തിന്റെ അച്ചടക്കമാണ് പ്രധാന കാരണം. കരിയറിലൂടനീളം മൈതാനത്തിനകത്തും പുറത്തും വിവാദങ്ങള്ക്ക് പേരുകേട്ട കളിക്കാരനാണ് ബലോട്ടെല്ലി. പരിശീലകരുമായും കളിക്കാരുമായൊക്കെ നിരവധി തവണ കൊമ്പുകോര്ത്തിട്ടുണ്ട്. അടുത്തിടെ തുര്ക്കിഷ് ക്ലബ്ബ് അദാന ഡെമിസ്പോറിന്റെ ഡ്രസ്സിങ് റൂമില് പടക്കമെറിഞ്ഞും ബലോട്ടെല്ലി വിവാദത്തിലായിരുന്നു. സിറ്റിയിലും ലിവര്പൂളിലും കളിച്ചപ്പോഴും സമാനമായിരുന്നു സ്ഥിതി.
ഇറ്റാലിയന് താരത്തെ ടീമിലെത്തിച്ചാലുണ്ടായേക്കാവുന്ന സാമ്പത്തികമായ പ്രശ്നങ്ങളാണ് മറ്റൊരു കാരണം. ഉയര്ന്ന തുക നല്കി താരത്തെ ടീമിലെത്തിക്കേണ്ടെന്നാണ് ക്ലബ്ബിന്റെ നിലപാട്. താരത്തിന്റെ ഫോമും പരിഗണിച്ചിട്ടുണ്ട്. അതേ സമയം ഇന്ത്യന് സൂപ്പര് ലീഗിന്റെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് ക്ലബ്ബ്. സെപ്റ്റംബര് 15 ന് പഞ്ചാബ് എഫ്സി യുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
സൂപ്പർ ലീഗ് കേരളയ്ക്ക് പയ്യനാട് ഒരുങ്ങി; തൃശൂർ മാജിക്ക് എഫ്സി ഇന്ന് കണ്ണൂർ വാരിയേഴ്സിനെതിരെ