ഇസ്രയേല്‍ ദേശീയ ഗാനത്തിനിടെ പ്രതിഷേധവുമായി ഇറ്റലി ആരാധകർ. യുവേഫ നേഷൻസ് ലീഗിലെ ഇറ്റലി-ഇസ്രയേല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ഇസ്രയേലിന്റെ ദേശീയഗാനത്തിനിടെ ഇറ്റലി ആരാധകർ പുറം തിരിഞ്ഞുനിന്നായിരുന്നു പ്രതിഷേധിച്ചത്. 'സ്വാതന്ത്ര്യം' എന്ന് എഴുതിയ ഇറ്റലിയുടെ പതാകയും ആരാധകർ ഉയർത്തിപ്പിടിച്ചിരുന്നു. പലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങളും ഗ്യാലറിയിൽ നിന്നുയർന്നു.
ഹമാസുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഇസ്രയേലിന്റെ ഹോം മത്സരങ്ങള്‍ ഹംഗറിയിലേക്ക് മാറ്റിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബനും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. സുരക്ഷയെ മുൻനിർത്തി പലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധങ്ങള്‍ നിരോധിച്ച പ്രധാനമന്ത്രി കൂടിയാണ് ഓർബൻ.
അതേ സമയം, നേഷൻസ് ലീഗില്‍ ഇസ്രയേലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇറ്റലി പരാജയപ്പെടുത്തി. ഡേവിഡ് ഫ്രറ്റേസി (38'), മോയിസ് കീൻ (62') എന്നിവരാണ് ഇറ്റലിക്കായി ഗോളുകള്‍ നേടിയത്. 90-ാം മിനുറ്റിൽ മുഹമ്മദ് അബു ഫനിയാണ് ഇസ്രയേലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. രണ്ട് കളിയില്‍ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്താണ് ഇറ്റലി. രണ്ട് തോല്‍വിയോടെ ഇസ്രയേല്‍ അവസാന സ്ഥാനത്താണ്.