മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിജയിക്കില്ലെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ക്ലബ് പരിശീലകൻ എറിക് ടെൻ ഹാഗ്. മാഞ്ചസ്റ്ററിൽ നിന്നും റൊണാൾഡോ ഏറെ അകലെയാണ്. ഒരുപാട് ദൂരെ സൗദിയിൽ കളിക്കുന്നു. എല്ലാവർക്കും ഒരു അഭിപ്രായം ഉണ്ടാവും. അത് അത്രയുള്ളുവെന്ന് ടെൻ ഹാഗ് പറയുകയാണ്.
ലിവർപൂളിനെതിരായ കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-0ത്തിന് പരാജയപ്പെട്ടിരുന്നു. എന്നാൽ ഈ തോൽവി തന്നെ ബാധിക്കില്ലെന്നാണ് ടെൻ ഹാഗ് പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ എവിടെയാണെന്ന് തനിക്ക് അറിയാം. എന്താണ് ഇനി ചെയ്യേണ്ടതെന്നും അറിയാം. ഒരു മാറ്റത്തിന്റെ പാതയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒരുപാട് യുവതാരങ്ങളെ വളർത്തിയെടുക്കേണ്ടതുണ്ടെന്നും ടെൻ ഹാഗ് വ്യക്തമാക്കുകയാണ്.
ഇംഗ്ലണ്ട് മുൻ താരം റിയോ ഫെര്‍ഡിനാന്റിന് നൽകിയ അഭിമുഖത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ താരം കൂടിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബിനെ വിമർശിച്ച് രംഗത്തെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച്, താങ്കൾ പ്രീമിയർ ലീഗോ ചാമ്പ്യൻസ് ലീഗോ വിജയിക്കാൻ പോകുന്നില്ല. താങ്കൾക്ക് അതിനായി ശ്രമിക്കാം. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അടിമുടി മാറ്റമുണ്ടാകണമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രതികരിച്ചു.
മാഞ്ചസ്റ്റർ യുണൈറ്റഡിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൂപ്പർതാരമായി ഉയർന്നത്. 2003 മുതൽ 2009 വരെ ഇംഗ്ലീഷ് ക്ലബിൽ കളിച്ച റൊണാൾഡോ 196 മത്സരങ്ങളിൽ നിന്നായി 84 ഗോളുകൾ നേടി. പിന്നാലെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് താരം ചേക്കേറി. 2018 വരെ റയലിന്റെ താരമായിരുന്ന റൊണാൾഡോ 311 മത്സരങ്ങളിൽ നിന്ന് 292 ഗോളുകൾ നേടി. പിന്നാലെ മൂന്ന് വർഷം ഇറ്റാലിയൻ ക്ലബ് യുവന്റസിൽ റൊണാൾഡോ കളിച്ചു. 2021ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മടങ്ങിയെത്തി. എന്നാൽ ക്ലബ് മാനേജർ എറിക് ടെൻ ഹാഗുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് താരത്തിന്റെ കരാർ റദ്ദാക്കപ്പെട്ടു. പിന്നാലെ സൗദി ക്ലബ് അൽ നസറിന്റെ ഭാഗമായി റൊണാൾഡോ തന്റെ ഫുട്ബോൾ ജീവിതം തുടരുകയാണ്.