ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിന് ഇന്ന് തുടക്കമാവും. ലീഗിലെ പ്രധാന ടീമുകളായ മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിലാണ് ആദ്യ മത്സരം. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30 നാണ് കിക്കോഫ്. ഐ എസ് എൽ ടൂർണമെന്റിൽ കിരീടം നേടിയ രണ്ട് പ്രധാന ടീമുകളുടെ പോരാട്ടം കൂടിയാണ് ഇത്.
കളിച്ച നാല് സീസണുകളിൽ ഒരു കിരീടവും രണ്ടു ഫൈനലും ഒരു പ്ലേ ഓഫും ട്രാക്ക് റെക്കോർഡുള്ള ടീമാണ് മോഹൻ ബഗാൻ. ആസ്ട്രേലിയൻ സ്ട്രൈക്കർ ജാമി മക്ലാരൻ, സ്കോട്ടിഷ് താരം ടോം ആൽഡ്രെഡ്, സ്പാനിഷ് പ്രതിരോധ താരം ആൽബെർട്ടോ റോഡ്രിഗ്വസ്, ഗോൾകീപ്പർ ധീരജ് സിങ് എന്നിവരാണ് ടീമിലെ പ്രമുഖർ. സ്പാനിഷ് പരിശീലകൻ ഫ്രാൻസിസ് മൊളിനയുടെ ശിക്ഷണത്തിലാണ് ടീം ഒരുങ്ങുന്നത്.
രണ്ട് തവണ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്സി മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് പതിനൊന്നാം സീസണിനിറങ്ങുന്നത്. ഗോകുലം കേരളയിൽനിന്ന് എത്തിച്ച കോഴിക്കോട്ടുകാരൻ പി എൻ നൗഫലും, ഗോൾകീപ്പർ രഹ്നേഷും മലയാളി സാന്നിധ്യമായി ടീമിലുണ്ട് . സ്പാനിഷ് താരം ജോൺ ടോറൽ, ഗ്രീസ് മുന്നേറ്റ താരം നികോളാസ് കാരലിസ് എന്നിവരാണ് ടീമിനോടൊപ്പം ചേർന്ന പുതിയ പ്രധാന താരങ്ങൾ. ചെക്ക് പരിശീലകൻ പീറ്റർ ക്രാറ്റ്കിയാണ് ടീമിനായി തന്ത്രങ്ങൾ ഒരുക്കുന്നത്.
പത്ത് സീസണുകൾ പൂർത്തിയാക്കിയെങ്കിലും കിരീടം മാത്രം ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും കിട്ടാക്കനിയാണ്. മൂന്നുതവണ ഫൈനലിലും രണ്ടുതവണ നോക്കൗട്ടിലും വീണ ടീമിന് ഇത്തവണ ആരാധക പിന്തുണ നിലനിർത്താൻ കിരീടം നേടിയേ തീരൂ. മൊറോക്കൻ മുൻനിര താരം നേഹ സദോയി, സ്പാനിഷ് ഫോർവേഡ് ജീസസ് ജിമിനെസ്, ഫ്രഞ്ച് പ്രതിരോധ താരം അലക്സാണ്ടർ കോഫ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിലെത്തിച്ചവരിൽ പ്രമുഖർ. ഇവാന് വുകോമനോവിച്ചിന് പകരം സ്വീഡൻകാരൻ മിഖായേൽ സ്റ്റാറേയാണ് പുതിയ പരിശീലകൻ. സൂപ്പർ താരം അഡ്രിയാൻ ലൂണ തന്നെയാണ് ഇത്തവണയും ക്യാപ്റ്റൻ.
പത്ത് സീസണുകൾ പൂർത്തിയാക്കിയ ടീം ഒരു തവണ മാത്രമാണ് ഫൈനലിലെത്തിയത്. സെർബിയൻ വിങ്ങർ ഡിജാൻ ഡ്രാസിക്, സ്പാനിഷ് താരം ഐക്കർ ഗുരോത്സേന, ബോർജ ഹെരേര എന്നിവരാണ് ടീമിലെ പുതിയ കരുത്ത്. സ്പാനിഷ് പരിശീലകനും ഇന്ത്യൻ ദേശീയ ടീം കോച്ചുമായ മനോലോ മാർക്വസിന്റെ കീഴിലാണ് ടീമൊരുങ്ങുന്നത്. പ്രതിരോധ താരം സെരിറ്റോൺ ഫെർണാണ്ടസാണ് ടീം നായകൻ.
നാലു വർഷത്തെ മാത്രം പാരമ്പര്യമുള്ള ടീമിന് പക്ഷേ ഒരു തവണ ചാമ്പ്യന്മാരാൻ പറ്റിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ മോശം പ്രകടനം മൂലം 12-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ജപ്പാൻ വിങ്ങർ സി ഗോദാർഡിനെ ടീമിലെത്തിച്ചതാണ് ഇത്തവണ നടത്തിയ പ്രധാന സൈനിംങ്. തങ്ബോയി സിങ്തോയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ബ്രസീലിയൻ മധ്യനിര താരം ജുഹാൻ വിക്ടറിന്റെ നായകത്വത്തിലാണ് ടീം കളത്തിലിറങ്ങുന്നത്.
ഡൽഹി ഡൈനാമോസിൽനിന്ന് ഒഡിഷ എഫ്സിയായി മാറിയ ടീം കഴിഞ്ഞ രണ്ടു സീസണുകളിൽ കാഴ്ചവെച്ച പ്രകടനം ശ്രദ്ധേയമാണ്. ചാമ്പ്യന്മാരായും തൊട്ടുപിന്നാലെ റണ്ണേഴ്സായുമാണ് രണ്ടു സീസണുകൾ അവർ അവസാനിപ്പിച്ചത്. ഗോൾ കീപ്പർ അമരീന്ദർ സിങ്ങിന്റെ ക്യാപ്റ്റൻസിയിൽ കളത്തിലിറങ്ങുന്ന ടീമിന്റെ മുഖ്യ പരിശീലകൻ സെർജിയോ ലെബോറെയാണ്.
വമ്പൻ താരങ്ങളുമായി 2017 -18 സീസണിൽ അരങ്ങേറ്റം കുറിച്ച ടീമാണ് ജാംഷഡ്പുർ എഫ്സി . 2012 -22 സീസണിൽ പ്ലേ ഓഫ് കളിച്ചതാണ് ഏറ്റവും മികച്ച പ്രകടനം. ജാവി സിവറിയോ, ജോർഡൻ മുറെ, ജാവി ഹെർണാണ്ടസ്, ലാസർ ക്രികോവിക്, സ്റ്റീഫൻ ഇസെ അടങ്ങുന്ന അഞ്ചംഗ വിദേശ നിരയെയാണ് ടീം ഇത്തവണ സ്വന്തം തട്ടകത്തിലെത്തിച്ചത്. ഇന്ത്യക്കാരനായ ഖാലിദ് ജാമിലാണ് ടീമിനായി ഇത്തവണ തന്ത്രങ്ങളൊരുക്കുന്നത്.
ഐ ലീഗിൽനിന്ന് പ്രമോഷനോടെ ഐഎസ്എല്ലിലെത്തിയ പഞ്ചാബിനിത് ഐഎസ്എല്ലിൽ രണ്ടാം സീസണാണ്. ക്രൊയേഷ്യൻ ഡിഫൻസിവ് മിഡ്ഫീൽഡർ ഫിലിപ് മിസ്ലാക്ക്, നോർവേ താരം മുഷാഗ ബകെംഗ, അർജന്റീനിയൻ മധ്യനിര താരം എസെക്വൽ വിഡാൽ എന്നിവരാണ് ടീമിനായി ഇത്തവണ ബൂട്ടണിയുന്ന പുതുമുഖങ്ങൾ. ഗ്രീസ് പരിശീലകൻ പനാജിയോട്ടിസ് ഡിൽപെരിസിനാണ് ഇത്തവണ തന്ത്രങ്ങൾ മെനയുക.
മികച്ച താരനിരയുടെ ബലമില്ലെങ്കിലും ഒത്തൊരുമയിലും ഒത്തിണക്കത്തിലും അത്ഭുതങ്ങൾ കാണിക്കുന്ന ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
ഇത്തവണ ഡ്യൂറൻഡ് കപ്പിലെ കിരീട നേട്ടം തെളിയിക്കുന്നതും അതാണ്. ഐ എസ് എല്ലിൽ രണ്ടുതവണ മാത്രം പ്ലേഓഫ് കളിച്ചെങ്കിലും ഈ സീസണിൽ അതിലും മികച്ച പ്രകനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഡ്യൂറൻഡ് കപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായ
മലയാളി താരം എം എസ് ജിതിനിൽ തന്നെയാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. മൊറോക്കൻ ഫോർവേഡ് അലാഡിൻ അജറൈയെയും, സ്പാനിഷ് താരം ഗില്ലെർമോ ഫെർണാണ്ടസിനെയും ഇത്തവണ ടീമിലെത്തിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ ഷിഗിൽ നമ്പ്രത്ത്, ഷാജൻ ഫ്രാങ്ക്ലിൻ, ഗോൾകീപ്പർ മിർഷാദ് മിച്ചു എന്നിവരും ടീമിലുണ്ട്. സ്പാനിഷ് ലീഗിലടക്കം പരിശീലിപ്പിച്ച് പരിചയമുള്ള സ്പാനിഷ് പരിശീലകൻ ജുഹാൻ ബെനാലിയാണ് തന്ത്രങ്ങൾ മെനയുന്നത്.
ഐഎസ്എല്ലിൽ നാല് സീസണുകൾ പൂർത്തിയാക്കിയിട്ടും ഇത് വരെ പ്ളേ ഓഫിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല ടീമിന്. കഴിഞ്ഞ സീസണിലെ ഗോൾവേട്ടക്കാരനായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീസ് താരം ദിമിത്രിയോസ് ഡയമന്റകോസിനെ സ്വന്തമാക്കിയതാണ് പ്രധാന നീക്കം. 2023 ഡ്യൂറൻഡ് കപ്പിലെ ടോപ് സ്കോററായിരുന്ന ഡേവിഡ് ലാൽലൻസംഗയെയും സ്വന്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് മുന്നേറ്റതാരം മാദിഹ് തലാൽ, പ്രതിരോധ താരം ജാക്സൺ സിങ് എന്നിവരും പുതുതായി എത്തിയ താരങ്ങളാണ്. വി പി സുഹൈർ, കോഴിക്കോട്ടുകാരൻ സികെ അമൻ, ജെസിൻ തോണിക്കര, വിഷ്ണു പുതിയവളപ്പിൽ എന്നിവർ മലയാളി സാന്നിധ്യമായി ടീമിലുണ്ട്. സ്പാനിഷ് പരിശീലകൻ കാർലെസ് ക്വാഡ്രാറ്റിന്റെ കീഴിൽ ടീം ഒരുങ്ങിത്തന്നെയാണ് അങ്കത്തിനെത്തുന്നത്. വൻ തുകക്ക് കൊണ്ടുവന്ന ഡിഫൻഡർ അൻവർ അലിയെ കരാർ ലംഘനത്തിന്റെ നാല് മാസത്തേക്ക് വിലക്കിയത് ടീമിന് തിരിച്ചടിയാണ്.
ഏഴു വർഷത്തെ ഐ എസ് എൽ പാരമ്പര്യമാണ് ബംഗളൂരു എഫ്സിക്കുള്ളത്. അതിനിടയിൽ മൂന്ന് ഫൈനലുകൾ കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും ഇതിഹാസ താരം സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള ആദ്യ ഐ എസ് എൽ സീസൺ കൂടിയാണ്. സ്പാനിഷ് മുന്നേറ്റ താരം എഡ്ഗർ മെൻഡസ്, മുൻ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ്, ആൽബർട്ടോ നോഗുറെ, പെഡ്രോ കാപോ, രാഹുൽ ബേകേ എന്നിവരാണ് ടീമിന്റെ പുതിയ സൈനിംഗുകൾ. സ്പാനിഷ് പരിശീലകൻ ജെറാർഡ് സെറഗോസയുടെ കീഴിലാണ് ടീം പരിശീലിക്കുന്നത്.
ഇത്തവണത്തെ ഐ ലീഗ് ചാമ്പ്യന്മാർ എന്ന പകിട്ടോടെയാണ് മുഹമ്മദൻസ് വരുന്നത്. റഷ്യൻ മുൻ ഡിഫൻഡറായ ആന്ദ്രേ ചെർനിഷോവിന് കീഴിലാണ് ടീമിറങ്ങുന്നത്. ടീമിലെ മലയാളി സാന്നിധ്യമായി വളാഞ്ചേരിക്കാരൻ മുഹമ്മദ് ജാസിമും തിരൂർക്കാരൻ മുഹമ്മദ് ഇർഷാദും ടീമിലുണ്ട്. ഉസ്ബകിസ്താൻ താരം മിർജാലോൽ കാഷിമോവും അലക്സി ഗോമസുമാണ് മുൻനിരയിലുള്ളത്.
ഐഎസ്എല്ലിൽ ഏറ്റവും സക്സസ്ഫുൾ ക്ലബ്ബുകളിലൊന്നാണ് ചെന്നൈയിൻ എഫ്സി. ആദ്യ സീസണിൽ തന്നെ ടേബ്ൾ ടോപ്പേഴ്സ്, 2015ൽ രണ്ടാം ഐഎസ്എൽ ചാമ്പ്യന്മാർ, 2017 -18 സീസണിലും ജേതാക്കൾ, തൊട്ടടുത്ത വർഷം റണ്ണേഴ്സ്, തുടങ്ങി മറ്റേത് ടീമിനും അവകാശപ്പെടാനില്ലാത്ത പെരുമ ചെന്നൈക്കുണ്ട്. മുന്നേറ്റ നിരയെ നയിക്കാൻ കൊളംബിയൻ സ്ട്രൈക്കർ വിൽമർ ജോഡനെയും തട്ടകത്തിലെത്തിച്ചിട്ടുണ്ട്. കിയാൻ നാസിരി, ഡിഫൻഡർ വിഗ്നേഷ് ദക്ഷിണമൂർത്തി, ഡാനിയൽ ചിമ, മന്ദർ റാവു ദേസായി തുടങ്ങി താരങ്ങളും മത്സരം കയ്യിലൊതുക്കാൻ പോന്നവരാണ്.