സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഫോളോവേഴ്സെണ്ണം നൂറുകോടി കടത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാമിൽ 63.9 കോടി ഫോളോവേഴ്സും ഫേസ്ബുക്കിൽ 17 കോടി ഫോളോവേഴ്സും എക്സിൽ 11.3 കോടിയും വീബോയിൽ 10 കോടിയും യുട്യൂബിൽ 6 കോടിയുമാണ് ക്രിസ്റ്റ്യാനോയുടെ ഫോളോവേഴ്സ്. ഇതെല്ലാം ചേർത്താണ് നൂറുകോടി . ലോകത്ത് സോഷ്യൽ മീഡിയയിൽ 100 കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ മനുഷ്യനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എക്സിലെ പോസ്റ്റിലാണ്, സമൂഹമാധ്യമങ്ങളില്‍ തന്നെ പിന്തുടരുന്നവരുടെ എണ്ണം 100 കോടിയായ കാര്യം റൊണാള്‍ഡോ അറിയിച്ചത്. ചരിത്രനേട്ടത്തില്‍ ആരാധകരോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു റൊണാള്‍ഡോയുടെ പോസ്റ്റ്. നേരത്തെ യുട്യൂബിലും അക്കൗണ്ട് തുടങ്ങിയ താരം കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ സബ്സ്ക്രൈബേഴ്‌സ് എണ്ണം 60 മില്ല്യണിലെത്തിച്ചിരുന്നു.
'100 കോടി ഫോളോവേഴ്സുമായി നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇത് കേവലം ഒരു സംഖ്യ മാത്രമല്ല, കളിയോടും അതിനപ്പുറം നമ്മുടെ സ്നേഹത്തോടുമുള്ള അഭിനിവേശത്തിന്‍റെ തെളിവാണ്. മദേറിയയിലെ തെരുവുകൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികൾ വരെ, ഞാൻ എപ്പോഴും എന്‍റെ കുടുംബത്തിനും നിങ്ങൾക്കുമായാണ് കളിച്ചത്. ഇപ്പോൾ ഞങ്ങൾ 100 കോടി പേരായി ഒരുമിച്ചു നില്‍ക്കുന്നു. എന്‍റെ എല്ലാ ഉയർച്ചയിലും താഴ്ച്ചകളിലും നിങ്ങൾ ഓരോ ചുവടിലും എന്നോടൊപ്പമുണ്ടായിരുന്നു. ഈ യാത്ര നമ്മുടെ യാത്രയാണ്, ഒരുമിച്ച്, നമുക്ക് നേടാനാകുന്നതിന് പരിധികളില്ലെന്ന് നമ്മൾ തെളിയിച്ചിരിക്കുന്നു. എന്നിൽ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്‍റെ ജീവിതത്തിന്‍റെ ഭാഗമായതിനും നന്ദി. ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നമ്മൾ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും,'റൊണാള്‍ഡോ പോസ്റ്റില്‍ പറഞ്ഞു.