2026ൽ നടക്കുന്ന അടുത്ത ഫിഫാ ലോകകപ്പിലും ഇതിഹാസ താരം ലയണൽ മെസ്സി കളിക്കുമെന്ന് മുൻ അർജന്‍റീനിയൻ ഇതിഹാസം യുവാൻ റോമൻ റിക്വൽമി. '2026ൽ 39 വയസ്സ് തികയുന്ന മെസ്സി ലോകകപ്പ് കളിക്കുമോ എന്ന് സംശയകരമായ സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ മെസ്സി എന്നും സ്വയം മിനുക്കി എടുക്കുന്ന താരമാണെന്നും അദ്ദേഹം അടുത്ത ലോകകപ്പിൽ കളിക്കുമെന്നും റിക്വൽമി പറഞ്ഞു.
'മെസ്സി എന്നും തന്നെ മിനുക്കിയെടുക്കുന്ന താരമാണ്. നിങ്ങൾക്ക് അറിയില്ല എന്താണ് സംഭവിക്കുന്നതെന്ന്. എനിക്ക് ഉറപ്പാണ് അവൻ അടുത്ത ലോകകപ്പിൽ കളിക്കുമെന്നുള്ളത്. അവൻ കളിച്ചേ പറ്റുകയുള്ളൂ. ഞങ്ങളെല്ലാവരും അവൻ കളിക്കുവാൻ വേണ്ടി പിന്തുണക്കുന്നതിനാല്‍ അവൻ കളിക്കും. ഞങ്ങൾ ഒരുപാട് സംസാരിക്കാറുണ്ട്. എനിക്ക് തോന്നുന്നു അവൻ കളിക്കുമെന്ന്'. റിക്വൽമി കൂട്ടിച്ചേർത്തു.
2014 ലോകകപ്പിലും 2015 ,26 കോപ്പ അമേരിക്ക ഫൈനലുകളിലും തോറ്റ മെസ്സി പിന്നീട് അന്തരാഷ്ട്ര ജഴ്‌സിയിൽ നടത്തിയ തിരിച്ചുവരവിലാണ് കിരീടങ്ങൾ കീഴടക്കിയത്. ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി ടൂർണമെന്‍റിലെ താരമായാണ് മെസ്സി 2022 ലോകകപ്പിലെ തന്റെ തേരോട്ടം അവസാനിപ്പിച്ചത്. അതിനിടയിൽ 2021 ലെ കോപ്പ അമേരിക്കയും 2024 ലെ കോപ്പയും താരം സ്വന്തമാക്കി. ലോകകപ്പ് വിജയത്തിന് ശേഷം 2026ൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ആ സമയത്തെ ആരോഗ്യം അനുസരിച്ചിരിക്കുമെന്നാണ് മെസ്സി അന്ന് പറഞ്ഞത്. എന്നാൽ നിലവിൽ അമേരിക്കൻ ക്ലബായ ഇന്റർ മയാമിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന താരം അടുത്ത ലോകകപ്പിലും കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.