ആൻഫീൽഡിൽ ലിവർപൂളിനെ അട്ടിമറിച്ച് നോട്ടിങ്ഹാം; ഹാളണ്ട് വേട്ടയിൽ കുതിപ്പ് തുടർന്ന് സിറ്റി

മറ്റൊരു മത്സരത്തിൽ ബ്രെന്‍റ് ഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി വിജയകുതിപ്പ് തുടർന്നു

dot image

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് സ്വന്തം തട്ടകത്തിൽ ഞെട്ടിക്കുന്ന തോൽവി. ഈ സീസണിൽ തോൽവിയറിയാതെ മുന്നേറിയ സലായും കൂട്ടരും നോട്ടിങ്ഹാം ഫോറസ്റ്റിന് മുന്നിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അടിയറവ് പറഞ്ഞത്. 1969ന് ശേഷം ആദ്യമായാണ് ആൻഫീൽഡിൽ നോട്ടിങ്ഹാം ഫോറസ്റ്റ് വിജയം നേടുന്നത്. 72ാം മിനിറ്റിൽ ഹഡ്സൺ ഒഡോയ് ആണ് നോട്ടിങ്ഹാമിന്റെ വിജയ ഗോൾ കുറിച്ചത്. വലതുവിങ്ങിൽ നിന്ന് ആന്റണി എലാംഗ നൽകിയ ലോങ് ബാൾ സ്വീകരിച്ച് ഒഡോയ് കുതിച്ചുകയറി. ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഒഡോയ് ഉതിർത്ത വലങ്കാൽ ഷോട്ട് അലിസൻ ബക്കറെ മറികടന്ന് വലയിൽ കയറി.

തുടർന്ന് തിരിച്ചടിക്കാൻ ലിവർപൂൾ പരമാവധി ശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. അവസാന മിനിറ്റുവരെയും ഗോൾ മടക്കാനുള്ള ചെമ്പടയുടെ ശ്രമങ്ങളെ നോട്ടിങ്ഹാം പ്രതിരോധിച്ചു. പുതിയ പരിശീലകൻ ആർനെ സ്ലോട്ടിന് കീഴിൽ ക്ലബിന്റെ ആദ്യ തോൽവിയാണ്. മറ്റൊരു മത്സരത്തിൽ ബ്രെന്‍റ് ഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി വിജയകുതിപ്പ് തുടർന്നു. ഗോൾ മെഷീൻ എർലിങ് ഹാളണ്ട് ഈ മൽസരത്തിലും ഇരട്ടഗോൾ നേടി. 19,32 മിനിറ്റുകളിലായാണ് നോർവീജിയൻ താരം വലകുലുക്കിയത്. നാല് മത്സരങ്ങളിൽനിന്ന് താരത്തിന്‍റെ ഗോൾ നേട്ടം ഇതോടെ ഒമ്പതായി.

തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി. എവേ മത്സരത്തിൽ സതാംപ്ടണെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ടെൻ ഹാഗും സംഘവും തകർത്തത്. മാത്തിസ് ഡി ലിറ്റ്, മാർകസ് റാഷ്ഫോഡ്, അലജാന്ദ്രോ ഗാർണാച്ചോ എന്നിവരാണ് യുണൈറ്റഡിനായി വലകുലുക്കിയത്. നേരത്തെ ബ്രൈട്ടനോടും ലിവർപൂളിനോടുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയത്. നാല് മത്സരങ്ങളിൽ നാല് വിജയവുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്ത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു തോൽവിയുമായി ഒമ്പത് പോയിന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്താണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us