ഭുവനേശ്വർ: ഐഎസ്എല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ചെന്നൈ എഫ്‌സിക്കും ബെംഗളൂരു എഫ്‌സിക്കും ജയം. ഒഡിഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെന്നൈ തോൽപ്പിച്ചത്. ഈസ്റ്റ് ബംഗാളിനെ ബെംഗളൂരു ഒരു ഗോളിനും തകർത്തു. ചെന്നൈ നിരയിൽ ഫാറൂഖ് ശൈഖ് ഇരട്ട ഗോളുകളുമായി നിറഞ്ഞുനിന്നപ്പോൾ ചീമ ഒരു ഗോൾ നേടി. ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ ഒഡിഷയുടെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. വൈകാതെ പെനാൽറ്റി വലയിലെത്തിച്ച് ഡീഗോ മൗറീഷ്യോ ആതിഥേയർക്ക് ലീഡും നൽകി.
എന്നാൽ ഗോൾ വീണതോടെ ചെന്നൈയിൻ ഉണർന്നു കളിച്ചു. ഇരുവശത്തും അവസരങ്ങൾ മാറിമാറിയെത്തിയതിനൊടുവിൽ രണ്ടുവട്ടം വല കുലുക്കി ഫാറൂഖ് ചെന്നൈയിനെ മുന്നിലെത്തിച്ചു. സമനില ഗോളിനായി ഒഡിഷ ആഞ്ഞുശ്രക്കുന്നതിനിടെ ചെന്നൈ വീണ്ടും ലീഡുയർത്തി. എന്നാൽ, ആക്രമണമവസാനിപ്പിക്കാതെ തിരിച്ചടിക്കാൻ ശ്രമം തുടർന്ന ഒഡിഷക്കായി അവസാന വിസിലിന് തൊട്ടുമുമ്പ് റോയ് കൃഷ്ണ ഒരു ഗോൾ മടക്കി. അങ്ങനെ സ്കോർ 3-2 ൽ അവസാനിച്ചു.
ആദ്യ പകുതിയില്‍ വിനിത് വെങ്കടേഷ് നേടിയ ഗോളിലാണ് ബെംഗളൂരു ഈസ്റ്റ് ബംഗാളിനെ മറികടന്നത്. 25-ാം മിനിറ്റിലായിരുന്നു ഗോള്‍. 87-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ ലാല്‍ചുങ്‌നുങ്ക റെഡ് കാര്‍ഡ് കണ്ട് പുറത്തായി. ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയെ നേരിടും. കൊച്ചി കലൂർ ജവാഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7: 30 മുതലാണ് മത്സരം.