കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. തിരുവോണനാളില്‍ മലയാളികൾക്ക് വിജയമായി ഓണസമ്മാനം നൽകാനാണ് ടീമിന്റെ ശ്രമം. പുതിയ പരിശീലകന്‍ മൈക്കൽ സ്റ്റാറേയ്ക്ക് കീഴിലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഐഎസ്എൽ മത്സരം കൂടിയാണിത്.
മുന്നേറ്റത്തില്‍ ദിമിത്രി ഡയമന്റക്കോസും, മധ്യനിരയില്‍ ജിക്‌സണ്‍ സിംങുമില്ലെങ്കിലും പകരക്കാരെ ഒരുക്കി ബ്ലാസ്റ്റേഴ്‌സ് ടീം കരുത്തുള്ളതാക്കിയിട്ടുണ്ട്. ഡ്യൂറന്റ് കപ്പില്‍ മിന്നും ഫോമില്‍ കളിച്ച മൊറോക്കന്‍ താരം നോഹ സദൗയിയും ലൂണയും മുന്നേറ്റത്തിന് കരുത്താകും. പ്രതിരോധത്തില്‍ അലക്‌സാണ്ടര്‍ കോഫും, പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്‌സിനായി കോട്ട കെട്ടും. മറുവശത്ത് ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസാവും പഞ്ചാബിന് തന്ത്രമോതുക. ഐ ലീഗിൽ നിന്നും പ്രൊമോട്ട് ചെയ്യപ്പെട്ടെത്തിയ പഞ്ചാബ് എഫ്‌സിയുടെ രണ്ടാം ഐഎസ്എൽ സീസണാണിത്.
അതേസമയം പത്ത് സീസണുകൾ പൂർത്തിയാക്കിയെങ്കിലും കിരീടം മാത്രം ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും കിട്ടാക്കനിയാണ്. മൂന്നുതവണ ഫൈനലിലും രണ്ടുതവണ നോക്കൗട്ടിലും വീണ ടീമിന് ഇത്തവണ ആരാധക പിന്തുണ നിലനിർത്താൻ കിരീടം നേടിയേ തീരൂ. കഴിഞ്ഞ സീസണുകളിലെ ടീമിന്റെ വീഴ്ചകളിലും പ്രധാന കളിക്കാരെ നിലനിർത്താത്തതിലും മാത്രമല്ല, പുതുതായി പ്രമുഖരെ ടീമിലെത്തിക്കുന്നതിലും മാനേജ്മെന്റ് കാണിച്ച ഉദാസീനതയിൽ ആരാധകർ പരസ്യമായി തന്നെ നിരാശ പ്രകടിപ്പിച്ചിരുന്നു.