അവസാനമിനിറ്റുകളിലെ പഞ്ചാബ് ​ഗോളുകൾ; ബ്ലാസ്റ്റേഴ്സിന് നിരാശ നൽകി തോൽവി

മത്സരത്തിന്റെ 42–ാം മിനിറ്റിൽ പഞ്ചാബ് എഫ്‍സി പന്ത് ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചെങ്കിലും, ഓഫ്സൈഡ് കെണിയിൽ കുരുങ്ങുകയായിരുന്നു.

dot image

ഐ എസ് എല്ലിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ആരാധകരെ നിരാശരാക്കി കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കളിയുടെ മുക്കാൽ പങ്കും ​ഗോൾ രഹിതവും വിരസവുമായി നീങ്ങിയ മത്സരം അവസാനമിനിറ്റുകളിലെ ചടുലനീക്കങ്ങളാൽ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് നീങ്ങിയപ്പോൾ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചിരിക്കുകയാണ് പഞ്ചാബ് എഫ് സി.

കേരള ബ്ലാസ്റ്റേഴ്‌സ് - പഞ്ചാബ് എഫ് സി മത്സരം പാതിവഴിയിലെത്തി നിന്നപ്പോൾ ​ഗോൾ രഹിത സമനിലയിലായിരുന്നു. മത്സരത്തിന്റെ എൺപത്തിആറാം മിനിറ്റുവരെ​ ​ഗോളൊന്നും പിറക്കാതിരുന്ന മത്സരം അതിനു ശേഷമാണ് ആവേശത്തിരമാല തീർത്തത്. മത്സരത്തിലെ മൂന്ന് ​ഗോളുകളും അതിനു ശേഷമായിരുന്നു.

86 ാം മിനിറ്റിൽ പഞ്ചാബിന് അനുകൂലമായി ലഭിച്ച പെനാൽറ്റി പകരക്കാരൻ താരം ലൂക്ക മയ്സെൻ ​ഗോളാക്കുന്നു. എന്നാൽ കൈമെയ് മറന്ന് സമനില ​ഗോളിനായി കളിച്ച ബ്ലാസ്റ്റേഴ്സിന് (90+2)–ാം മിനിറ്റിൽ അത് സാധ്യമാവുന്നു. സ്പാനിഷ് താരം ഹെസൂസ് ഹിമെനെയാണ് ​ഗോൾ നേടുന്നത്. എന്നാൽ ആ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. പഞ്ചാബിന്റെ ഫിലിപ് മിർലാക് (90+5) അടുത്ത ​ഗോൾ നേടി കളി പൂർണമായി പഞ്ചാബിന്റെ വരുതിയിലാക്കുന്നു.

മത്സരത്തിന്റെ 42–ാം മിനിറ്റിൽ പഞ്ചാബ് എഫ്‍സി പന്ത് ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചെങ്കിലും, ഓഫ്സൈഡ് കെണിയിൽ കുരുങ്ങുകയായിരുന്നു. ആദ്യമത്സരത്തിൽ സൂപ്പർ താരം അഡ്രിയാൻ ലൂണ കളിച്ചിരുന്നില്ല. മിലോസ് ഡ്രിൻസിച്ച് ആയിരുന്നു ക്യാപ്റ്റൻ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us