ന്യൂയോർക്ക്: കോപ്പ അമേരിക്ക ഫൈനലിൽ പരിക്കേറ്റ് പുറത്ത് പോയ ലയണൽ മെസ്സിക്ക് ഇന്റർ മിയാമിക്ക് വേണ്ടിയുള്ള മത്സരത്തിലൂടെ ഗംഭീര തിരിച്ചുവരവ്. മൂന്ന് മാസത്തിലേറെ കളിക്കളത്തിൽ നിന്നും വിട്ടുനിന്നിരുന്ന മെസ്സി രണ്ട് ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞപ്പോൾ ഇന്റർമിയാമിക്ക് ഫിലാഡൽഫിയക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം. ആദ്യ പകുതിയിൽ 26, 30 മിനിറ്റുകളിലായിരുന്നു ഗോൾ. ലൂയിസ് സുവാരസിന്റെയും ജോർഡി ആൽബയുടെയും അസിസ്റ്റിലാണ് ഗോൾ നേടിയത്.
കളി തുടങ്ങിയ ആദ്യ മിനുറ്റിൽ തന്നെ ഗോൾ നേടി ഫിലാഡൽഫിയയാണ് ആദ്യം സ്കോർ ബോർഡ് തുറന്നത്. എന്നാൽ 26-ാം മിനുറ്റിൽ സീസണിലെ തന്റെ പതിമൂന്നാം ഗോൾ നേടി മെസ്സി മയാമിക്ക് സമനില നേടിക്കൊടുത്തു. മിനുറ്റുകൾക്കകം മറ്റൊരു ഗോൾ നേടി ടീമിന് ലീഡ് നൽകാനും താരത്തിന് സാധിച്ചു. 98-ാം മിനുറ്റിൽ മെസ്സി നൽകിയ പന്തിൽ സുവാരസ് കൂടി ഗോൾ നേടിയതോടെ മയാമി വിജയമുറപ്പിച്ചു. കോപ്പ അമേരിക്ക ഫൈനൽ മൽസരത്തിനിടെ കണങ്കാലിന് പരിക്കേറ്റ് പുറത്തായ മെസ്സി ജൂൺ ഒന്നിന് ശേഷം ഇന്റർമിയാമിക്ക് വേണ്ടി ഇറങ്ങുന്ന ആദ്യ മത്സരമായിരുന്നു ഇത്.