സൂപ്പര്‍ ലീഗ് കേരള; മലബാർ ഡെർബിയിൽ മലപ്പുറത്തിനെതിരെ മൂന്നടിച്ച് കാലിക്കറ്റ്

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ പതിനയ്യായിരത്തോളം കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ മലപ്പുറം എഫ്‌സിക്ക് നിരാശ

dot image

മലപ്പുറം: സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിലെ മലബാർ ഡെർബിയിൽ മലപ്പുറം എഫ്സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് കാലിക്കറ്റ് എഫ്സി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ പതിനയ്യായിരത്തോളം സ്വന്തം കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ മലപ്പുറം എഫ്‌സിക്ക് നിരാശ. ആദ്യ പകുതിയില്‍ ഒരു ഗോളും രണ്ടാംപകുതിയില്‍ രണ്ട് ഗോളും നേടിയാണ് കാലിക്കറ്റിന്റെ ജയം. ഇതോടെ രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി കാലിക്കറ്റ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ഇതേ പോയിന്റുമായി കണ്ണൂർ വാരിയേഴ്‌സ് രണ്ടാമതും രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു തോൽവിയുമായി മലപ്പുറം എഫ്‌സി മൂന്നാമതുമായി.

22-ാം മിനിറ്റില്‍ ഗനി നിഗമിലൂടെ മുന്നിലെത്തിയ കാലിക്കറ്റ്, 61-ാം മിനിറ്റില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിലൂടെ ലീഡ് ഉയര്‍ത്തി. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടിയതോടെ കാലിക്കറ്റിന്റെ തേരോട്ടം പൂർത്തിയായി. മലപ്പുറത്തിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് കാലിക്കറ്റ് നേടിയ മൂന്ന് ഗോളുകളും. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ച മലപ്പുറത്തിന് പക്ഷേ, ഫിനിഷിങ്ങിലെ പോരായ്മ വിലങ്ങുതടിയായി. കൂടാതെ കാലിക്കറ്റിന്റെ പ്രതിരോധ നീക്കവും മലപ്പുറത്തിന്റെ ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തി. മധ്യനിരയില്‍ നിന്ന് മുന്നേറ്റത്തിലേക്ക് മികച്ച കളി നടത്തിയത് മാത്രം മലപ്പുറം ആരാധകര്‍ക്ക് ആവേശക്കാഴ്ചയായി.

പന്ത് കൂടുതല്‍ കൈവശം വെച്ചതും മികച്ച പാസുകള്‍ നടത്തിയതും മലപ്പുറമായിരുന്നു. ആദ്യപകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയതൊഴിച്ചാല്‍ മലപ്പുറം ഗോള്‍ക്കീപ്പര്‍ പരീക്ഷിക്കപ്പെട്ടത് നന്നേ കുറവായിരുന്നു. എന്നാല്‍ എതിര്‍ ബോക്‌സിനകത്ത് മലപ്പുറം താരങ്ങള്‍ നിരവധി അപകടങ്ങള്‍ വിതച്ചെങ്കിലും അവയെല്ലാം അതിജീവിക്കാന്‍ കാലിക്കറ്റിനായി.

dot image
To advertise here,contact us
dot image