ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസര്‍ തങ്ങളുടെ മുഖ്യപരിശീലകനായ ലൂയിസ് കാസ്‌ട്രോയെ പുറത്താക്കി. അല്‍ നസര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സമീപകാലത്ത് മോശം പ്രകടനമാണ് അല്‍ നസര്‍ കാഴ്ച വെക്കുന്നത്. സൂപ്പര്‍ കപ്പ് ഫൈനലില്‍ പരാജയപ്പെട്ട അല്‍ നസറിന് സൗദി പ്രോ ലീഗിന്റെ പുതിയ സീസണിലും അത്ര നല്ല തുടക്കം ലഭിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് കോച്ചിനെ പുറത്താക്കിയത്.
AlNassr can announce that Head Coach Luis Castro has left the Club.
— AlNassr FC (@AlNassrFC_EN) September 17, 2024
Everyone at AlNassr would like to thank Luis and his staff for their dedicated work during the past 14 months, wishing them the best of luck for the future. pic.twitter.com/FznpvPHG0T
സംഭവത്തില്‍ പ്രതികരിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും രംഗത്തെത്തി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ലൂയിസ് കാസ്‌ട്രോയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച റൊണാള്‍ഡോ 'എല്ലാത്തിനും നന്ദി' എന്ന് കുറിച്ചു.
2023 ജൂലൈയിലാണ് പോര്‍ച്ചുഗീസ് പരിശീലകനായ കാസ്‌ട്രോ അല്‍ നസറിലെത്തിയത്. കാസ്‌ട്രോയുടെ കീഴില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ റൊണാള്‍ഡോയുടെ സംഘത്തിന് കഴിഞ്ഞിരുന്നില്ല. സൗദി പ്രോ ലീഗില്‍ അല്‍ നസറിന് മികച്ച തുടക്കം ലഭിച്ചില്ല. മൂന്ന് മത്സരങ്ങളില്‍ ഒരു വിജയം മാത്രം കണ്ടെത്തിയ ടീം നിലവില്‍ ഏഴാമതാണ്. സൂപ്പര്‍ കപ്പ് ഫൈനലില്‍ അല്‍ ഹിലാലിനോട് നാണം കെട്ട പരാജയം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തിരുന്നു.