യുവേഫ ചാംപ്യൻസ് ലീഗിന്റെ പുതിയ ഫോർമാറ്റ് വെല്ലുവിളിയെന്ന് മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം മാനുവൽ അകാഞ്ജി. 'സെപ്റ്റംബർ 19ന് ഇന്റർ മിലാനുമായാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ മത്സരം. വ്യത്യസ്ത ടീമുകളുമായി കൂടുതൽ മത്സരങ്ങൾ ഇത്തവണ കളിക്കണം. അതിന് പിന്നാലെ ക്ലബ് ലോകകപ്പ് നടക്കും. അതിന്റെ ഫോർമാറ്റ് എങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല. കഠിനമായ മത്സരക്രമം ഉണ്ടാകുമ്പോൾ താരങ്ങൾക്ക് എങ്ങനെ ഒഴിവ് ദിനങ്ങൾ ലഭിക്കും? ഇങ്ങനെ പോയാൽ ഒരുപക്ഷേ 30 വയസിൽ ഞാൻ വിരമിക്കേണ്ടി വരും.' മാനുവൽ അകാഞ്ജി പറയുന്നു.
ഇഷ്ടക്കേടിനിടയിലും പുതിയ ഫോർമാറ്റുമായി പൊരുത്തപ്പെടാനാണ് അകാഞ്ജിയുടെ തീരുമാനം. 'പഴയ ഫോർമാറ്റായിരുന്നു മികച്ചതെന്ന് ഞാൻ കരുതുന്നു. എങ്കിലും ഇത്തവണ ഏറ്റവും മികച്ച എതിരാളിയായ ഇന്റർ മിലാനെ തന്നെ ഞങ്ങൾക്ക് ആദ്യ മത്സരത്തിൽ ലഭിച്ചു. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഫൈനലിൽ ആണ് ഇന്റർ മിലാനെ മാഞ്ചസ്റ്റർ സിറ്റി ചാംപ്യൻസ് ലീഗിൽ നേരിട്ടത്.' മാനുവൽ അകാഞ്ജി ചൂണ്ടിക്കാട്ടി.
ചാംപ്യൻസ് ലീഗിൽ വർഷങ്ങളായി 32 ക്ലബുകളിലാണ് ആകെ പങ്കെടുത്തിരുന്നത്. നാല് ക്ലബുകൾ വീതമുള്ള എട്ട് ഗ്രൂപ്പുകളിലായി അണിനിരന്നായിരുന്നു പോരാട്ടങ്ങൾ. ഓരോ ക്ലബും ഗ്രൂപ്പിലെ മറ്റ് മൂന്ന് ടീമുകളെ സ്വന്തം സ്റ്റേഡിയത്തിലും എതിർ ടീമിന്റെ സ്റ്റേഡിയത്തിലും രണ്ട് തവണ നേരിടണം. എട്ട് ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് റൗണ്ട് 16ൽ കളിക്കാമായിരുന്നു.
ഈ വർഷം മുതൽ ടീമുകളുടെ എണ്ണം 36 ആയി ഉയരും. കൂടാതെ ടൂർണമെന്റിന്റെ രീതിയും മാറുകയാണ്. ഇത്തവണ ടീമുകൾക്ക് റൗണ്ട് 16ൽ എത്തുക അത്ര എളുപ്പമല്ല. ഒമ്പത് ക്ലബുകൾ നാല് ഗ്രൂപ്പുകളിലായാണ് ഇത്തവണ മത്സരിക്കുന്നത്. അതായത് ഒരു ക്ലബിന് എട്ട് മത്സരങ്ങൾ. നാല് ക്ലബുകളെ സ്വന്തം സ്റ്റേഡിയത്തിൽ നേരിടണം. നാല് മത്സരങ്ങൾ എതിരാളികളുടെ സ്റ്റേഡിയത്തിലാണ് നേരിടേണ്ടത്. പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ആദ്യ എട്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ റൗണ്ട് 16ൽ എത്തും. ഒമ്പത് മുതൽ 24 വരെ സ്ഥാനങ്ങളിൽ എത്തുന്ന ക്ലബുകൾക്ക് പ്രത്യേക പ്ലേ ഓഫ് മത്സരങ്ങൾ ഒരുക്കും. ഇതിൽ നിന്ന് എട്ട് ടീമുകൾ റൗണ്ട് 16ൽ എത്തും. 25 മുതൽ 36 വരെയുള്ള സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ ചാംപ്യൻസ് ലീഗിൽ നിന്ന് പുറത്താകും.
ചാംപ്യൻസ് ലീഗ് കൂടുതൽ മത്സരസ്വഭാവമുള്ളതാക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു പുതിയ രീതി പരീക്ഷിക്കുന്നതെന്നാണ് യുറോപ്യൻ ഫുട്ബോളിന്റെ വാദം. എന്നാൽ പുതിയ രീതിക്കെതിരെ കടുത്ത വിമർശനമാണ് ക്ലബുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. മാനുവൽ അകാഞ്ജിയെ കൂടാതെ ലിവർപൂളിന്റെ പുതിയ പരിശീലകൻ ആർനെ സ്ലോട്ടും പുതിയ രീതിയെ വിമർശിച്ച് രംഗത്തെത്തി. പുതിയ ഫോർമാറ്റ് താരങ്ങളെ ക്ഷീണിതരാക്കുമെന്നാണ് സ്ലോട്ടിന്റെ വാദം.